ട്രെയിനുകളില്‍ ഗുണനിലവാരം കുറഞ്ഞ കുടിവെള്ളം: സിബിഐ റെയ്ഡില്‍ 20 കോടി രൂപ കണ്ടെടുത്തു

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഗുണനിലവാരം കുറഞ്ഞ കുടിവെള്ളം വിതരണം ചെയ്ത സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ റെയ്ഡ് 20 കോടി രൂപ കണ്ടെടുത്തു. വടക്കന്‍ റയില്‍വേ മുന്‍ ഉദ്യോഗസ്ഥരായ രണ്ടുപേരുടേതുള്‍പ്പെടെ 13 സ്ഥലങ്ങളിലും ഡല്‍ഹിയിലും നോയിഡയിലുമുള്ള ഏഴു സ്വകാര്യ കമ്പനികളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്.

വടക്കന്‍ റയില്‍വേയുടെ മുന്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായ എം.എസ്.ചലിയ, സന്ദീപ് സിലാസ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് റെയ്ഡ് നടത്തിയത്.

രാജധാനി, ശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ റയില്‍വേയുടെ സ്വന്തം ബ്രാന്‍ഡായ റയില്‍ നീര്‍ കുടിവെള്ളം മാത്രമേ വിതരണം ചെയ്യാനാകൂ. എന്നാല്‍ ഇവിടങ്ങളിലും ഗുണനിലവാരം കുറഞ്ഞ കുടിവെള്ളം വിതരണം ചെയ്യാന്‍ ചലിയയും സിലാസും ഒത്താശ ചെയ്‌തെന്നാണ് സിബിഐ കണ്ടെത്തിയത്. യുപിഎ മന്ത്രിമാരായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, അംബിക സോണി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് സിലാസ്.

അതേസമയം, അഴിമതിയെ വച്ചുപൊറുപ്പിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ റയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടതായും റയില്‍വേ മന്ത്രാലയം അറിയിച്ചു.

ആര്‍കെ അസോഷ്യേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സത്യം കേറ്ററേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അംബുജ് ഹോട്ടല്‍ ആന്‍ഡ് റിയല്‍ എസ്റ്റേറ്റ്, പികെ അസോഷ്യേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സണ്‍ഷൈന്‍ പ്രൈവറ്റ് ലിമിറ്റഡ്, ബ്രന്ദാവന്‍ ഫൂഡ് പ്രോഡക്ട് ആന്‍ഡ് ഫൂഡ് വേള്‍ഡ് എന്നിവയാണ് സിബിഐ റെയ്ഡ് നടത്തിയ കമ്പനികള്‍.

സിബിഐ റെയ്ഡ് നടത്തിയ ആര്‍കെ അസോഷ്യേറ്റ്‌സിന്റെയും ബ്രന്ദാവന്‍ ഫൂഡ് പ്രോഡക്ട് വേള്‍ഡിന്റെയും ഉടമസ്ഥരായ ശ്യാം ബിഹാരി അഗര്‍വാള്‍ മക്കളായ അഭിഷേക് അഗര്‍വാള്‍, രാഹുല്‍ അഗര്‍വാള്‍ എന്നിവരുടെ വീട്ടില്‍ നിന്നാണ് 20 കോടി രൂപ കണ്ടെത്തിയത്.

ഐആര്‍സിടിയില്‍ (ഇന്ത്യന്‍ റയില്‍ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) നിന്ന് 10.50 രൂപയ്ക്കു റയില്‍ നീര്‍ വാങ്ങി 15 രൂപയ്ക്കു വില്‍ക്കാനാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. അതേസമയം, ഗുണനിലവാരം കുറഞ്ഞ വെള്ളം വിപണിയില്‍ നിന്ന് ആറു രൂപയ്ക്കു വാങ്ങി വില്‍ക്കുകയായിരുന്നു സംഘമെന്ന് സിബിഐ വക്താവ് ദേവപ്രീത് സിങ് അറിയിച്ചു. സ്വകാര്യ കേറ്റര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന റയില്‍ നീറിന്റെ ക്വോട്ട അവര്‍ എടുക്കുന്നില്ലെന്ന് ഐആര്‍സിടിസി പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ സംഘത്തിനെതിരെ ഒരു നടപടിയും എടുക്കാന്‍ ചലിയയും സിലാസും തയാറായില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

Top