ട്രാഫോര്‍ഡ് പറങ്കിപ്പട പിടിച്ചു

ലണ്ടന്‍: ലോക ഫുട്‌ബോളിലെ മിന്നുംനക്ഷത്രങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മുഖാമുഖം വന്ന ക്ലാസിക്കില്‍ തിളങ്ങിയത് യുവ നക്ഷത്രമായ റാഫേല്‍ ഗ്വരേരോ. പകരക്കാരനായി വന്ന 20കാരന്‍ ഇഞ്ചു റിടൈമില്‍ നേടിയ ഗോളില്‍ ലോകകപ്പ് റണ്ണറപ്പുകളായ അര്‍ജന്റീനയെ യൂറോപ്യന്‍ പവര്‍ഹൗസുകളായ പോര്‍ച്ചുഗല്‍ 1-0നു കൊമ്പുകുത്തിച്ചു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടം ആസ്വദിക്കാനെത്തിയ 42,000ത്തോളം കാണികളെ ഇരുതാരങ്ങളും വേണ്ടത്ര ആവേശം കൊള്ളിച്ചില്ല. ക്ലബ്ബിനായി നടത്തുന്ന മാസ്മരിക പ്രകടനം ആവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഒന്നാംപകുതിക്കുശേഷം മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കോച്ചുമാര്‍ പിന്‍വലിക്കുകയും ചെയ്തു.

പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ ഗ്വരേരോയുടെ രണ്ടാമത്തെ മല്‍സരമായിരുന്നു ഇത്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍മേനിയക്കെതിരേ നടന്ന യൂ റോ യോഗ്യതാറൗണ്ട് മല്‍സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിയുമെന്നിരിക്കവെയാണ് റിക്കാര്‍ഡോ ക്വറെസ്മയുടെ ക്രോസ് ഗ്വരേരോ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കിയത്. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് പകരക്കാരനായെത്തി ക്വറെസ്മ ടീമിന്റെ വിജയഗോളിനു ചുക്കാന്‍പിടിക്കുന്നത്.

ട്രാഫോര്‍ഡില്‍ അര്‍ജന്റീന മികച്ച രീതിയിലാണ് മല്‍സരമാരംഭിച്ചത്. ആക്രമണാത്മക ഫുട്‌ബോളിലൂടെ അര്‍ജന്റൈന്‍ താരങ്ങള്‍ നിരന്തരം പോര്‍ച്ചുഗലിനെ സമ്മര്‍ദ്ദത്തിലാ ക്കി. എന്നാല്‍ പെപെ നയിച്ച പോര്‍ച്ചുഗീസ് പ്രതിരോധത്തെ മറിടക്കാ ന്‍ അര്‍ജന്റീനയ്ക്കായില്ല.

Top