ടൊയോട്ടയുടെ ആഗോള ഉത്പദാനം കുറഞ്ഞു

ടോക്കിയോ: ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ ആഗോള ഉൽപ്പാദനത്തിൽ തുടർച്ചയായ മൂന്നാം മാസവും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 6,34,940 വാഹനങ്ങളാണ് ഉൽപ്പാദിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.3 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. 7,00,000 യൂണിറ്റായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. കൂടാതെ, 2022 ലെ ആദ്യ അഞ്ച് മാസങ്ങളിലെ വിൽപ്പനയിൽ കമ്പനി ലക്ഷ്യമിട്ടതിനേക്കാൾ 9.7 ശതമാനം ഇടിവാണ് ഉണ്ടായത്. ഈ വർഷം കമ്പനി നിലവിലെ ലക്ഷ്യം നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയിലാണ്.

2023 മാർച്ചിന് മുൻപ് 9.7 മില്യൺ വാഹനങ്ങളുടെ വിൽപ്പനയാണ് ടൊയോട്ടയുടെ ലക്ഷ്യം. സാധ്യതയും അവർ നിരത്തിയിട്ടുണ്ട്. മൈക്രോചിപ്പ് പ്രതിസന്ധിയാണ് ഉൽപ്പാദനം താഴാനുള്ള കാരണം. ആഗോള വാഹന നിർമ്മാതാക്കളെല്ലാം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്. കോവിഡ് മാഹാമാരിയും ചിപ്പ് ക്ഷാമവും വാഹന വ്യവസായത്തെ സാരമായി ബാധിച്ചു. ഇത് വിതരണ ശൃംഖലയെയും ഓട്ടോമോട്ടീവ് ഉൽപ്പാദനത്തെയും വിൽപ്പനയെയും തടസ്സപ്പെടുത്തി.

ആഗോള പ്രതിസന്ധിയുടെ സമയത്ത് ടൊയോട്ടയ്ക്ക് ചിപ്പുകളുടെ വലിയ ശേഖരം ഉണ്ടായിരുന്നു. അതിനാൽ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചൈനയിലെ കോവിഡ് -19 നിയന്ത്രണ നടപടികൾ മൂലം കീ ചിപ്പുകളുടെയും ഘടകങ്ങളുടെയും കുറവും വിതരണ തടസവും കാരണം ഈ വർഷം ഉൽപ്പാദനം പലതവണ വെട്ടിക്കുറയ്ക്കേണ്ടി വന്നു.

മെയ് മാസത്തിൽ ജപ്പാനിലെ ഉൽപ്പാദനം 28.5 ശതമാനം ഇടിഞെങ്കിലും വിദേശ പ്ലാന്റുകളിൽ 4.6 ശതമാനം വർധിച്ചിരുന്നു. ടൊയോട്ടയുടെ വാഹന ഉൽപ്പാദനം വർധിച്ച പ്രദേശങ്ങളിൽ യൂറോപ്പും ഉൾപ്പെടുന്നു. ചിപ്പ് ക്ഷാമം ഇവിടെ കമ്പനിയെ ബാധിച്ചില്ല. തായ്‌ലൻഡ്, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഉൽപ്പാദനം ഉയർന്നിട്ടുണ്ട്.

Top