ടെലികോം മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപത്തില്‍ ഗണ്യമായ വര്‍ധന. 200 കോടി ഡോളറിലധികം വിദേശനിക്ഷേപമാണ് നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ നാലുമാസത്തില്‍ എത്തിയത്. അടുത്ത അഞ്ചുവര്‍ഷത്തിനകം 40 ലക്ഷം തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുമെന്ന റിപ്പോര്‍ട്ടും ടെലികോം മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ വിദേശനിക്ഷേപമായി കേവലം 130 കോടി ഡോളര്‍ മാത്രമാണ് മേഖലയിലേക്ക് ഒഴുകിയത്. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്താന്‍ ഇത് സഹായകമായി. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ നാലുമാസത്തെ മൊത്തം പ്രത്യക്ഷവിദേശനിക്ഷേപം 1,073 കോടി ഡോളറാണ്.

മൗറീഷ്യസില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്രത്യക്ഷവിദേശനിക്ഷേപം ആകര്‍ഷിച്ചത്. 338 കോടി ഡോളറാണ് മൗറീഷ്യസ് വഴി ഇന്ത്യയില്‍ എത്തിയത്. ഗ്രാമീണമേഖലയിലെ സാധ്യതകള്‍ വര്‍ധിക്കുന്നതും, ഇന്റര്‍നെറ്റ് ഉപയോഗം കൂടുന്നതുമാണ് തൊഴിലവസരം ഉയരുമെന്ന വിദഗ്ധരുടെ കണക്കുകൂട്ടലിന് ആധാരം. 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെ അതിവേഗ ബ്രോഡ്ബാന്റ് ശ്യംഖലയുമായി ബന്ധിപ്പിക്കാനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി വിദഗ്ധ ടെക്‌നീഷ്യന്‍മാരെയും, എന്‍ജീനീയര്‍മാരെയും ആവശ്യമായി വരുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

Top