ടെറി വാല്‍ഷ് രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലകന്‍ ടെറി വാല്‍ഷ് രാജി നല്‍കി. സായിയുമായുള്ള പ്രതിഫല തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വാല്‍ഷിന്റെ കീഴില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ് അതോറിറ്റ് ഓഫ് ഇന്ത്യ(സായ്)ക്കാണ് വാല്‍ഷ് തന്റെ രാജിക്കത്ത് മെയില്‍ ചെയ്തത്. ഇന്ത്യന്‍ കായിക മേഖലയില്‍ നിലനില്‍ക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വവുമായി ഒത്തുപോകാന്‍ കഴിയുന്നില്ലെന്ന് സായി ഡയറക്ടര്‍ ജിജി തോംസണ് അയച്ച രാജിക്കത്തില്‍ വാല്‍ഷ് പറയുന്നു. രാജ്യത്തെ ഹോക്കി പാരമ്പര്യത്തിനും കളിക്കാര്‍ക്കും ഈ രീതി ഒരിക്കലും ഗുണം ചെയ്യില്ലെന്നും വാല്‍ഷ് വ്യക്തമാക്കുന്നുണ്ട്.

1976ല്‍ ഒളിംപിക് വെള്ളിമെഡല്‍ നേടിയ ഓസീസ് സംഘത്തില്‍ അംഗമായിരുന്ന വാല്‍ഷ് 2013 ഒക്ടോബറിലാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിയമിതനാകുന്നത്. 2000ല്‍ ഓസീസിന് വെങ്കല മെഡല്‍ നേടിക്കൊടുത്ത കോച്ചുകൂടിയാണ്. 2004ല്‍ നെതര്‍ലാന്റ്‌സിനു വെള്ളിമെഡലും വാല്‍ഷ് നേടിക്കൊടുത്തിട്ടുണ്ട്.

Top