ടുജി അഴിമതി:എ രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ എ രാജ, കനിമൊഴി, ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കുറ്റപത്രം കോടതി അംഗീകരിച്ചു. രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരെ കൂടാതെ 16 പേര്‍ക്കെതിരേയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഡിബി ഗ്രൂപ്പിന് ടെലികോം ലൈസന്‍സ് ലഭിക്കുന്നതിന് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 19 പേരും 200 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്ന് എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കലൈനഗര്‍ ടിവിയുടെ അറുപത് ശതമാനം ഓഹരിയും ഡിഎംകെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ പേരിലാണ്. കനിമൊഴിക്ക് 20 ശതമാനം ഓഹരിയും കലൈനഗര്‍ ടിവി എംഡി ശരദ് കുമാറിന് 20 ശതമാനം ഓഹരിയുമാണുള്ളത്.

ഡിഎംകെയുടെ ഉടമസ്ഥതയിലുള്ള കലൈനഗര്‍ ടിവിക്ക് 200 കോടി രൂപ ഡിബി ഗ്രൂപ്പ് നല്‍കിയത് സത്യസന്ധമായ ബിസിനസ് ഇടപാടല്ലെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top