ടീസ്റ്റയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: വിദേശ ഫണ്ടുകള്‍ ദുരുപയോഗപ്പെടുത്തിയ കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനേയും ഭര്‍ത്താവ് ജാവേദ് ആനന്ദിനേയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനായി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു.

ഇരുവരും കേസന്വേഷണത്തില്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. ടീസ്റ്റയ്ക്കും ഭര്‍ത്താവിനും സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നെങ്കിലും ആഗസ്റ്റ് 11ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രഥമദൃഷ്ട്യാ ഫോറിന്‍ കോണ്‍ട്രിബ്യൂഷണല്‍ റെഗുലേഷന്‍ ആക്ട്(എഫ്.സി.ആര്‍.എ) ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇരുവരുടേയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി സ്വീകരിച്ച സംഭാവനകളില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് പൊലീസ് ടീസ്റ്റയ്‌ക്കെതിരെ മുമ്പ് കേസെടുത്തിരുന്നു.

2002 ഫെബ്രുവരിയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അക്രമത്തിന് ഇരയായവരുടെ വീട് പുനര്‍നിര്‍മ്മിക്കാനെന്ന പേരില്‍ വിദേശത്തും സ്വദേശത്തുമുള്ള സംഘടനകളില്‍ നിന്നും ഇവര്‍ ഒന്നരക്കോടി രൂപയോളം പിരിച്ചെടുത്തെന്നും എന്നാല്‍ അക്രമത്തിന് ഇരയായവര്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്നതുമാണ് പരാതിക്കാര്‍ ആരോപിച്ചത്.

യു.എസ് ആസ്ഥാനമായ സംഘടനയില്‍ നിന്നും തീസ്റ്റയുടെ സബ്രാങ് കമ്മ്യൂണിക്കേഷന്‍ ആന്റ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രത്തിന്റെ അംഗീകാരമില്ലാതെ 1.8 കോടി രൂപയാണ് വാങ്ങിയത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ടീസ്റ്റയും ഭര്‍ത്താവും നിഷേധിച്ചു.

Top