ടി വി തോമസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി മാര്‍ പൗവത്തില്‍

കോട്ടയം: അച്യുതമേനോന്‍ മന്ത്രിസഭയ്‌ക്കെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ 1972ല്‍ നടത്തിയ കോളജ് സമരത്തില്‍ വ്യവസായ മന്ത്രി ടി.വി. തോമസ് കത്തോലിക്കാ സഭയെ രഹസ്യമായി പിന്തുണച്ചെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ചങ്ങനാശേരി അതിരൂപതാ മുന്‍ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍.

ചങ്ങനാശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കുടുംബജ്യോതി’യില്‍ പ്രസിദ്ധീകരിച്ചു വരുന്ന പൗവത്തിലിന്റെ ആത്മകഥയിലെ നവംബര്‍ ലക്കത്തിലുള്ള ‘സംഭവബഹുലമായ 1972(3)’ എന്ന അദ്ധ്യായത്തിലാണ് ടി.വി. തോമസിനെക്കുറിച്ചുള്ള പൗവത്തിലിന്റെ വിവാദ വെളിപ്പെടുത്തല്‍.

മന്ത്രിയായിരുന്ന ടി.വി.തോമസ് സ്വന്തം കാറില്‍ ഒരു രാത്രി ചങ്ങനാശേരി അരമനയിലെത്തിയാണ് സഭയ്ക്ക് പിന്തുണ അറിയിച്ചത് എന്നും പുസ്തകത്തില്‍ പറയുന്നു. ടി.വി. തോമസിനു ദൈവവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെന്നും അവസാനകാലത്ത് പാപ കുമ്പസാരം നടത്തുന്നതിനോടു യോജിച്ചെന്നും മാര്‍ പൗവത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ പൗവത്തിലിന്റെ നിലപാടിനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളി. മാര്‍ പൗവത്തില്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് നല്ലത് പറഞ്ഞിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

Top