ടി.പി സെന്‍കുമാര്‍ പുതിയ ഡിജിപി

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവില്‍ ജയില്‍ ഡിജിപിയായ സെന്‍കുമാര്‍ 1983 ബാച്ച് ഐപിഎസ് ഓഫീസറാണ്.

ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവിലേയ്ക്കാണു സെന്‍കുമാര്‍ നിയമിതനാകുന്നത്. ഈ മാസം 30നു ചുമതലയേല്‍ക്കുന്ന സെന്‍കുമാറിന് 2017 വരെയാണ് സര്‍വീസ് കാലാവധി.

കര്‍ശക്കശ നിലപാടുകാരനായിരുന്ന സെന്‍കുമാര്‍ മൂന്നു പതിറ്റാണ്ടു നീണ്ട സര്‍വ്വീസിനിടെ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

വിതുര, പന്തളം പെണ്‍വാണിഭകേസുകള്‍, മാഞ്ചിയം, തേക്ക്, ലിസ് സാമ്പത്തിക തട്ടിപ്പുകള്‍, ഫ്രഞ്ച് ചാരകേസ് തുടങ്ങി പ്രമാദമായ കേസകുള്‍ അന്വേഷിച്ചത് സെന്‍കുമാറാണ്. ബിവറേജസ് കോര്‍പ്പറേഷന്‍, കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹനവകുപ്പ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം സെന്‍കുമാര്‍ ഡിജിപിയാകാതിരിക്കാന്‍ രണ്ട് ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നെങ്കിലും ഒന്നും ഫലംകണ്ടില്ല. ഈ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ് എന്നതിനാല്‍ പ്രമുഖ സമുദായ നേതാവിനെയും ഭരണത്തിലെ ചില ‘ഉന്നതരെയും’കൂട്ടുപിടിച്ചായിരുന്നു സെന്‍കുമാറിനെതിരായ രഹസ്യ നീക്കം.

എന്നാല്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങിയെന്ന ആരോപണത്തിന് ഇടനല്‍കാതെ സേനക്ക് ഗുണകരമായ നിലപാട് സ്വീകരിച്ചാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Top