ടി.പി വധ ഗൂഢാലോചന കേസ് സംസ്ഥാനം ശുപാര്‍ശ ചെയ്താല്‍ കേന്ദ്രം പരിഗണിക്കും

ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ശുപാര്‍ശ ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സൂചന.

കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധമായ ശുപാര്‍ശ ആഭ്യന്തര വകുപ്പ് നല്‍കിയിരുന്നെങ്കിലും സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു.

കേന്ദ്രത്തില്‍ ഭരണം മാറിയ സാഹചര്യത്തില്‍ വീണ്ടും സി.ബി.ഐ അന്വേഷണ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ പരിഗണിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന.

നേരത്തെ ടി.പി കേസ് അന്വേഷണ ആവശ്യം നിരസിച്ച സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്ക് പകരം ഇപ്പോള്‍ ബീഹാര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അനില്‍ സിന്‍ഹയാണ് സി.ബി.ഐ ഡയറക്ടര്‍.

ടി.പി വധക്കേസില്‍ സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്ദന്‍ അടക്കമുള്ളവര്‍ ശിക്ഷിക്കെപ്പെട്ട് നിലവില്‍ ജയിലിലാണ്.

കൊലക്കേസിലെ ഉന്നത തല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാണ് ടി.പി ചന്ദ്രശേഖരന്റെ വിധവ രമയുടെ ആവശ്യം. ഈ ആവശ്യത്തെ പിന്‍തുണച്ച് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത് വന്നതാണ് വീണ്ടും ടി.പി കേസിനെ സജീവമാക്കിയിട്ടുള്ളത്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനിയും കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാന്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സംസ്ഥാനം കത്ത് നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തില്‍ സി.പി.എമ്മിന്റെ ‘ഇടത്തില്‍’ കടന്നുകയറി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഇത്തരമൊരു ‘ആയുധം’ കയ്യില്‍ കിട്ടിയാല്‍ പ്രയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അടുത്തയിടെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടതിനെ തുടര്‍ന്ന് നിരവധി സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ അറസ്റ്റിലാകുമെന്ന് കണ്ട് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.

ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനയില്‍ സി.പി.എം സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് രമയുടെയും ആര്‍.എം.പിയുടെയും ആരോപണം. വധശ്രമ ഗൂഢാലോചന കേസ് പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് തടസ്സമില്ലെന്നാണ് അവരുടെ വാദം.

കഴിഞ്ഞ തവണ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും യു.പി.എ സര്‍ക്കാരിലെ പ്രമുഖനെ സ്വാധീനിച്ച് സി.പി.എം നേതൃത്വം അന്വേഷണ ആവശ്യം അട്ടിമറിക്കുകയായിരുന്നുവത്രെ.

തദ്ദേശനിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുന്നതും സി.ബി.ഐ അന്വേഷണത്തിലേക്ക് പോകുന്നതും സി.പി.എമ്മിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണത്തെ ശക്തമായി അനുകൂലിക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എമ്മിന്റെ വാദവും അപഹാസ്യമാകും.

മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എം അണികളിലും അനുഭാവികളിലും സൃഷ്ടിച്ച ആഘാതമാണ് ഇപ്പോഴത്തെ സി.പി.എമ്മിന്റെ തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടെങ്കിലും മറ്റൊരു പാര്‍ട്ടിയിലും ചേരാതെയും പിന്‍തുണക്കാതെയും സ്വന്തമായി റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുക്കുകയാണ് ചന്ദ്രശേഖരന്‍ ചെയ്തിരുന്നത്.

ഒഞ്ചിയം രക്തസാക്ഷികളുടെ നാട്ടിലെ ഏറ്റവും വലിയ പാര്‍ട്ടിയാണിപ്പോള്‍ ആര്‍.എം.പി. സി.പി.എം അണികളില്‍ മഹാ ബഹുഭൂരിപക്ഷവും ഇവിടെ ചന്ദ്രശേഖരന്റെ ആര്‍.എം.പിയിലാണ് പ്രവര്‍ത്തിക്കുന്നത്.

Top