ഐഎഎസ് ‘കുബേര’യുടെ സ്വത്ത് കണ്ട് അന്തംവിട്ട് സര്‍ക്കാര്‍; സസ്‌പെന്‍ഷന്‍ ഉടന്‍

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വിജിലന്‍സ് കേസില്‍ പ്രതിയായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും.

വിജിലന്‍സ് ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭച്ചാലുടന്‍ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ തീരുമാനമായതായാണ് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി,ആഭ്യന്തര സെക്രട്ടറി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധമായ ധാരണയിലായത്.

സസ്‌പെന്‍ഷന്‍ സ്ഥലംമാറ്റത്തിലൊതുക്കാന്‍ ഭരണപക്ഷത്തെ ചിലര്‍ നീക്കം നടത്തുന്നുണ്ടെങ്കിലും അതിന് വഴങ്ങില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

കാലത്ത് ആറുമുതല്‍ ടി.ഒ സൂരജിന്റെ ഓഫീസിലും എറണാകുളത്തേയും തിരുവനന്തപുരത്തേയും വീടുകളിലും വില്ലകളിലും നടത്തിയ വിജിലന്‍സ് റെയ്ഡില്‍ 23 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തത് സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. ഭാര്യയുടേയും മക്കളുടേയും പേരിലായി ഏഴ് ഫ്‌ളാറ്റുകളും മൂന്ന് വീടുകളുമാണ് ഈ ഐഎഎസ് കുബേരയ്ക്കുള്ളത്.

ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയ സൂരജ് കേരളത്തിനകത്തും പുറത്തും കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതിന്റെ സ്രോതസ് തേടിയാണ് വിജിലന്‍സ് മിന്നല്‍ പരിശോധനയ്ക്കിറങ്ങിയത്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍.എം പോളിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വകുപ്പ് മന്ത്രിപോലുമറിയാതെ രഹസ്യ ഓപ്പറേഷന്‍ നടന്നത്. രണ്ടിടത്തുമായി വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എസ്.പി രാജ്‌മോഹന്റേയും അഞ്ച് ഡി.വൈ.എസ്.പിമാരുടേയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. വ്യവസായ വകുപ്പ് സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍,കോഴിക്കോട് കളക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടി.ഒ സൂരജിന് മന്ത്രി തലത്തില്‍ ശക്തമായ സ്വാധീനമാണുള്ളത്. അതുകൊണ്ട് തന്നെയാണ് രഹസ്യ നീക്കത്തിന് വിജിലന്‍സ് തയ്യാറായത്.

ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ട് സെക്രട്ടറിയേറ്റിലെ ഓഫീസിലെ പരിശോധന തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചീഫ് സെക്രട്ടറി നേരിട്ട് ഇടപെട്ടാണ് വിഫലമാക്കിയത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് 23 ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. കൈക്കൂലിക്കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഷനിലായതിന്റെ ചൂടാറും മുന്‍പാണ് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടി.ഒ സൂരജും വിജിലന്‍സ് നടപടിയെ തുടര്‍ന്ന് ഔട്ടാകുന്നത്.

Top