ടിയാന്‍ജിന്‍ സ്‌ഫോടനം : മരിച്ചവരുടെ എണ്ണം 112 ആയി

ടിയാന്‍ജിന്‍: വടക്കന്‍ ചൈനയിലെ ടിയാന്‍ജിന്‍ തുറമുഖ നഗരത്തില്‍ വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. സ്‌ഫോടനത്തില്‍ തകര്‍ന്ന വെയര്‍ഹൗസിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് പോലീസും ഫയര്‍ഫോഴ്‌സും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇനിയും 95 പേരെ കാണാനുണ്ട്. ഇവരും മരിച്ചതായാണ് കരുതുന്നത്.

സംഭവത്തില്‍ എഴുന്നൂറിലധികം പേര്‍ക്കാണ് പൊള്ളലേറ്റത്. കാണാതായവരില്‍ 85 അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടുന്നു. ആദ്യ സ്‌ഫോടനത്തിനു ശേഷം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെടുന്നത്. രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഇവരുള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്ന നിരവധി പേരെ അഗ്നിവിഴുങ്ങി. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

സ്‌ഫോടനത്തില്‍ മരിച്ച 25 അഗ്നിശമന സേനാംഗങ്ങളുടെ മൃതദേങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവരും ആദ്യ സ്‌ഫോടനത്തിനു ശേഷം സ്ഥലത്തെത്തിയവരായിരുന്നു. ചൈനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയുമധികം അഗ്നിശമന സേനാംഗങ്ങള്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ 722 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 58 പേരുടെ നിലഗുരുതരമാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രി രാസവസ്തു സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തിനു ശേഷം പ്രദേശത്തു നിന്നും ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചു. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെയാണ് ഒഴിപ്പിച്ചത്. പ്രദേശത്ത് വിഷവാതകം പടര്‍ന്നിരിക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് ആളുകളെ മാറ്റിയത്. സ്‌ഫോടനം നടന്ന സ്ഥലത്ത് വായുവില്‍ വിഷവാതകമായ സോഡിയം സൈനേഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

പതിനായിരത്തോളം പുത്തന്‍കാറുകള്‍ സ്‌ഫോടനത്തെത്തുടര്‍ന്നു തീപിടിച്ചു നശിച്ചു. 4000 കാറുകള്‍ നശിച്ചതായി ഹ്യൂണ്ടായി അറിയിച്ചു. റെനോയുടെ 1500 കാറുകള്‍ കത്തി. ഫോക്‌സ്‌വാഗന്‍ കമ്പനിയുടെ 2748 കാറുകള്‍ തകര്‍ന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Top