ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്ക് ബോള്‍ട്ടെത്തുന്നു

ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്കായ ബോള്‍ട്ടിന്റെ അരങ്ങേറ്റം 20നെന്നു സൂചന. കാര്‍ അവതരണത്തിനു മുന്നോടിയായി നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ‘ബോള്‍ട്ടിനുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. നേരത്തെ അവതരിപ്പിച്ച സെഡാനായ സെസ്റ്റിലൂടെ അനാവരണം ചെയ്ത പുത്തന്‍ രൂപകല്‍പ്പന ശൈലിയാണു ബോള്‍ട്ടിലും ടാറ്റ മോട്ടോഴ്‌സ് പിന്തുടരുന്നത്.

റെവോട്രോണ്‍ ശ്രേണിയില്‍പെട്ട 1.2 ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ് മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍(എം പി എഫ് ഐ) പെട്രോള്‍ എന്‍ജിനാണു ഹാച്ച്ബാക്കായ ബോള്‍ട്ടിനു കരുത്തേകുന്നത്; പരമാവധി 89 ബി എച്ച് പി കരുത്തും 140 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. സെസ്റ്റിലെ ഡീസല്‍ എന്‍ജിന്‍ സഹിതവും ബോള്‍ട്ടിനെ പ്രതീക്ഷിക്കാം. ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) വകഭേദം ബോള്‍ട്ടിന് ഉണ്ടാവില്ലെന്നാണു സൂചന; പകരം മാനുവല്‍ ഗീയര്‍ബോക്‌സാവും കാറില്‍ ഇടംപിടിക്കുക.

മുന്‍ ഭാഗം പൂര്‍ണമായും പൊളിച്ചു പണിതതിനൊപ്പം ബോള്‍ട്ടിന്റെ പിന്നിലെ ടെയില്‍ ലാംപ് ക്ലസ്റ്ററും ടാറ്റ മോട്ടോഴ്‌സ് പരിഷ്‌കരിച്ചിട്ടുണ്ട്. കുത്തനെയുള്ള ടെയില്‍ ലൈറ്റിനു പകരം പരമ്പരാഗത രീതിയിലുള്ള, ചിറകിന്റെ ആകൃതിയിലുള്ള ടെയില്‍ ലാംപ് ക്ലസ്റ്ററാണു ബോള്‍ട്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

യാത്രാസുഖം മെച്ചപ്പെടുത്താനും മികച്ച ഹാന്‍ഡ്‌ലിങ്ങിനുമായി ബോള്‍ട്ടിലെ സസ്‌പെന്‍ഷന്‍ രൂപകല്‍പ്പനയും പരിഷ്‌കരിച്ചിട്ടുണ്ട്. നാനോ ട്വിസ്റ്റിലെ പവര്‍ സ്റ്റീയറിങ് തയാറാക്കിയ സെഡ് എഫിന്റെ പിന്‍ബലത്തോടെ ബോള്‍ട്ടിലും ഇലക്ട്രിക് പവര്‍ സ്റ്റീയറിങ്(ഇ പി എസ്) ഇടം പിടിക്കുന്നുണ്ട്.

Top