ടാറ്റ ഗ്രൂപ്പ് ഇ – കൊമേഴ്‌സ് രംഗത്തേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു

മുംബൈ: ടാറ്റ ഗ്രൂപ്പ് ഇ – കൊമേഴ്‌സ്, ഡിജിറ്റല്‍ ഹെല്‍ത്ത്, ഡാറ്റ അനാലിസിസ് രംഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു. ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ കൊമേഴ്‌സ് രംഗത്ത് വലിയ സാധ്യതകളാണ് നിലവിലുള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് ഈ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പ് കടക്കുന്നത്.

സ്റ്റോറുകളിലെത്തിയുള്ള ഷോപ്പിങ്ങും ഓണ്‍ലൈന്‍ ഷോപ്പിങ്ങും സംയോജിപ്പിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ടാറ്റയുടെ മറ്റ് കമ്പനികളുമായി സഹകരിച്ചാവും ഇകൊമേഴ്‌സ് ടെക്‌നോളജി പ്ലാറ്റ്‌ഫോം തയ്യാറാക്കുക. ടാറ്റയുടെ ഇ – കൊമേഴ്‌സ് വിപണിയിലേക്കുള്ള പ്രവേശം ഈ രംഗത്ത് മത്സരം ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആമസോണ്‍ ഡോട്ട് ഇന്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ പോര്‍ട്ടലുകളുടെ മാതൃകയിലായിരിക്കും ടാറ്റയുടെയും സംരംഭം. ലൈഫ് സ്‌റ്റൈല്‍ മുതല്‍ ഇലക്ട്രോണിക്‌സ് വരെ ടാറ്റ, ടാറ്റ ഇതര ബ്രാന്‍ഡുകള്‍ പോര്‍ട്ടലിലൂടെ ലഭ്യമാക്കും.

ടാറ്റ ഇന്‍ഡസ്ട്രിയുടെ കീഴിലായിരിക്കും മൂന്ന് പുതിയ സംരംഭങ്ങളുടെയും പ്രവര്‍ത്തനം. ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലയില്‍ ഗ്രൂപ്പ് ആശുപത്രികള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍, പ്രിവന്റീവ് ആന്‍ഡ് പ്രെഡിക്ടീവ് ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തിക്കുക.

Top