ടാറ്റയുടെ ചെറു പിക് അപ് ‘എയ്‌സ് മെഗാ’ വിപണിയില്‍ വില്‍പനയ്‌ക്കെത്തി

ചെറു പിക് അപ് ട്രക് ശ്രേണിയില്‍ ടാറ്റ മോട്ടോഴ്‌സില്‍ നിന്നുള്ള പുത്തന്‍ മോഡലായ ‘എയ്‌സ് മെഗാ’ തിരഞ്ഞെടുത്ത വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തി. ചെറു വാണിജ്യ വാഹന(എസ് സി വി) വിഭാഗത്തില്‍ ഇടംപിടിക്കുന്ന ‘എയ്‌സ് മെഗാ’യ്ക്ക് 4.31 ലക്ഷം രൂപയാണു താനെയിലെ ഷോറൂം വില; ആഷര്‍ ബ്ലൂ നിറത്തിലാണു ട്രക്ക് വില്‍പ്പനയ്ക്കുള്ളത്.

ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ‘എയ്‌സ് മെഗാ’ തുടക്കത്തില്‍ ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യ പ്രദേശ്, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണു ലഭ്യമാവുക. ഘട്ടം ഘട്ടമായി ‘എയ്‌സ് മെഗാ’ ദേശീയതലത്തില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

നാലാം തലമുറയില്‍പെട്ട രണ്ടു സിലിണ്ടര്‍, 800 സി സി ഡൈകോര്‍ എന്‍ജിനാണ് ‘എയ്‌സ് മെഗാ’യ്ക്കു കരുത്തേകുന്നത്. പരമാവധി 40 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ഈ ഡീസല്‍ എന്‍ജിന്‍ ലീറ്ററിന് 18.5 കിലോമീറ്റര്‍ ഓടുമെന്നാണു നിര്‍മാതാക്കളുടെ വാഗ്ദാനം. ഒപ്പം മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗവും ‘എയ്‌സ് മെഗാ’യ്ക്കു ടാറ്റ മോട്ടോഴ്‌സ് ഉറപ്പു നല്‍കുന്നു. ലോക്കിങ് സൗകര്യമുള്ള ഗ്ലൗ ബോക്‌സ്, മ്യൂസിക് സിസ്റ്റത്തിനുള്ള സൗകര്യം, മൊബൈല്‍ ചാര്‍ജര്‍, ഫുള്‍ ഫാബ്രിക് സീറ്റ് എന്നിവയൊക്കെ ‘എയ്‌സ് മെഗാ’യില്‍ ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കുന്നുണ്ട്.

കൂടുതല്‍ ട്രിപ്പുകളും കൂടുതല്‍ ഭാരവാഹക ശേഷിയും കുറഞ്ഞ ടേണ്‍എറൗണ്ട് ടൈമുമൊക്കെയായി ഉടമസ്ഥര്‍ക്ക് അധിക വരുമാനമാണ് ‘എയ്‌സ് മെഗാ’യില്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

Top