ജോസ് കെ മാണിയെ യുഡിഎഫ് മധ്യമേഖല ജാഥയുടെ ക്യാപ്റ്റനാക്കാനുള്ള നീക്കം പാളി

തിരുവനന്തപുരം: യുഡിഎഫ് മധ്യമേഖലയിലെ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സി എഫ് തോമസ് പിന്മാറി. സി.എഫ് തോമസിന് പകരം ജോസ് കെ മാണിയെ ക്യാപ്റ്റനാക്കാനുള്ള കേരള കോണ്‍ഗ്രസിന്റെ നീക്കം പാളി.

കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസിനെയാണ് യുഡിഎഫ് നേതൃത്വം മധ്യമേഖല ജാഥയ്ക്ക് ക്യാപ്റ്റനായി നിയോഗിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറിയതോടെയാണ് ജോസ് കെ.മാണിയെ ക്യാപ്റ്റനാക്കാന്‍ പാര്‍ട്ടി നീക്കം നടത്തിയത്.

ജോസ് കെ മാണിയെ ജാഥയുടെ ക്യാപ്റ്റനാക്കിയാല്‍ ജാഥയുമായി സഹകരിക്കില്ലെന്ന് ഘടക കക്ഷികള്‍ അറിയിച്ചു. ബാര്‍ കോഴയിലും സരിതയുടെ കത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളിലും ജോസ് കെ മാണി ഉള്‍പ്പെട്ടിരിക്കുന്നതും എതിര്‍പ്പിന് കാരണമായി.

യുഡിഎഫിന്റെ എതിര്‍പ്പ് വന്നതോടെ താന്‍ ജാഥ ക്യാപ്റ്റന്‍ ആകാനില്ലെന്ന് ജോസ് കെ.മാണി അറിയിച്ചു. ജാഥയുടെ സമയത്ത് ഡല്‍ഹിയിലായിരിക്കുമെന്നും മറ്റ് പരിപാടികള്‍ ഉണ്ടെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ വിശദീകരണം. സി.എഫ്.തോമസ് പിന്മാറിയ സ്ഥാനത്ത് പുതിയ ക്യാപ്റ്റനെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

Top