ജോര്‍ജ് എല്ലാ മര്യാദയും ലംഘിച്ചു; വിട്ടുവീഴ്ചയില്ലെന്ന് കെ.എം.മാണി

തിരുവനന്തപുരം ; പി.സി.ജോര്‍ജിനെതിരെ നിലപാട് കടുപ്പിച്ച് കെ.എം.മാണി. ജോര്‍ജ് എല്ലാ മര്യാദയും ലംഘിച്ചു. അതുകൊണ്ട് യാതൊരു വിട്ടുവീഴ്ചയുമില്ല. കഴിഞ്ഞ നാലു വര്‍ഷമായി യുഡിഎഫിനെ ശിഥിലമാക്കാനാണ് ജോര്‍ജ് ശ്രമിച്ചതെന്നും മാണി ആരോപിച്ചു. മന്ത്രിമാര്‍ അടക്കമുള്ളവരെ വിവാദത്തില്‍ ഉള്‍പ്പെടുത്താനാണ് ജോര്‍ജ് ശ്രമിച്ചത്. ഇത് ഇനിയും അംഗീകരിക്കാനാകില്ല.

എല്ലാവരും എന്നോടും ചോദിക്കുന്നു പി.സി. ജോര്‍ജിനെ ഒന്നു നിയന്ത്രിച്ചുകൂടെ. എന്തിനാണ് ഇങ്ങനെ കയറൂരി വിടുന്നതെന്ന്. എനിക്കും പാര്‍ട്ടിക്കും നേരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെ കള്ളനായി ചിത്രീകരിക്കാന്‍ വരെ ശ്രമിച്ചു. ജോര്‍ജ് എല്ലാ മര്യാദകളുടെയും അതിര്‍വരമ്പ് ലംഘിച്ചു.

അതിനാല്‍ ജോര്‍ജിന് ഇപ്പോള്‍ ഒരു ചെറിയ ശിക്ഷ നല്‍കുകയാണ്. ജോര്‍ജിനു നല്‍കിയ എല്ലാ സ്ഥാനമാനങ്ങളും പാര്‍ട്ടി തിരിച്ചെടുക്കുന്നു. ചീഫ് വിപ്പ് സ്ഥാനവും യുഡിഎഫ് ഉന്നതാധികാര സമിതിയിലെ അംഗത്വവും പാര്‍ട്ടി പിന്‍വലിക്കുകയാണ്. ഇതൊരു ചെറിയ ശിക്ഷ മാത്രമാണ്. ആത്മപരിശോധനയ്ക്കാണ് ചെറിയ ശിക്ഷ നല്‍കുന്നത്. ഈ ശിക്ഷ ജോര്‍ജ് സ്വീകരിക്കുമെന്നാണ് വിചാരിക്കുന്നതെന്നും മാണി പരസ്യമായി പ്രതികരിച്ചു.

Top