ജോര്‍ജിനെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ മാണി കോണ്‍ഗ്രസ്

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി.സി ജോര്‍ജിനെ നീക്കണമെന്ന കെ.എം മാണിയുടെ അന്ത്യശാസനം നീട്ടികൊണ്ടുപോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കനത്ത തിരിച്ചടി നല്‍കി രാജ്യസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം.

ഒന്‍പത് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചാല്‍ യുഡിഎഫിന് ഒരു രാജ്യസഭാ സീറ്റ് നഷ്ടമാകും. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പി.സി ജോര്‍ജ് വോട്ടു ചെയ്താന്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിന്റെ എഎല്‍എ സ്ഥാനവും നഷ്ടപ്പെടുത്താമെന്നതാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ നീക്കത്തിലേക്ക് കേരള കോണ്‍ഗ്രസിനെ നയിക്കുന്നത്.

കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചാല്‍ മുസ്ലീം ലീഗിന്റെ രാജ്യസഭാ മോഹത്തിനാണ് തിരിച്ചടിയാവുക. ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ 35 എംഎല്‍എമാരുടെ ആദ്യവോട്ടാണ് വേണ്ടത്. അതിനാല്‍ കോണ്‍ഗ്രസിന് വയലാര്‍ രവിയെ ജയിപ്പിച്ചെടുക്കാം. പക്ഷേ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനാവില്ല.

കേരള കോണ്‍ഗ്രസ് പാലം വലിച്ചല്‍ ഇടതുമുന്നണിക്ക് അത് ലോട്ടറിയാകും. രണ്ട് രാജ്യസഭാ സീറ്റുകളും വിജയിക്കാന്‍ കഴിയും. രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഭീഷണി മുന്നില്‍ കണ്ടാണ് മാണി പറഞ്ഞതില്‍ ന്യായമുണ്ടെന്നും ജോര്‍ജിന്റെ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെന്നും മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

എന്നാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനും ജോര്‍ജിനെ പുറത്താക്കുന്നതിനോട് എതിര്‍പ്പാണുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇതു സംബന്ധമായ ചര്‍ച്ച ഇപ്പോള്‍ തുടരുകയാണ്.

ജോര്‍ജിനെ പിണക്കിയാല്‍ സോളാര്‍, ബാര്‍ കോഴ അഴിമതികളില്‍ സര്‍ക്കാരിനെ പിടിച്ചുലക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവരുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

Top