ജൈനമത ഉത്സവം; മുംബൈയില്‍ താല്‍ക്കാലികമായി ഇറച്ചിയും മീനും നിരോധിച്ചു

മുംബൈ: മാട്ടിറച്ചി നിരോധത്തിന് പിന്നാലെ താനെയിലെ മിരാഭയന്ദര്‍ കോര്‍പറേഷനില്‍ താല്‍ക്കാലികമായി മീനും ഇറച്ചിയും നിരോധിച്ചു. ജൈന മതക്കാരുടെ ഉത്സവം പ്രമാണിച്ചാണ് മീനും ഇറച്ചിയും വില്‍ക്കുന്നതിനും മൃഗങ്ങളെ അറുക്കുന്നതിനും നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ 10 മുതല്‍ 18വരെ എട്ടു ദിവസത്തേക്കാണ് നിരോധം.

കഴിഞ്ഞ വര്‍ഷം ജൈന മതക്കാരുടെ ഉപവാസ ഉത്സവമായ പിയുര്‍ഷാന്‍ സമയത്ത് രണ്ട് ദിവസത്തേക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ ഇത് 8 ദിവസമായി ദീര്‍ഘിപ്പിച്ചതോടെ മുംബൈയിലെ മത്സ്യഇറച്ചി വ്യാപാരികള്‍ പ്രതിസന്ധിയിലായി.

എന്നാല്‍ 18 ദിവസത്തേക്ക് നിരോധമേര്‍പ്പെടുത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെന്നും ബക്രീദ് പ്രമാണിച്ച് ദിവസങ്ങള്‍ വെട്ടിക്കുറക്കുകയായിരുന്നെന്ന് മേയര്‍ ഗീതാജെയിന്‍ വിശദീകരിച്ചു.

നിരോധ നീക്കത്തിനെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തത്തെിയിട്ടുണ്ട്. നഗരത്തില്‍ പല തരത്തിലുള്ള ആളുകള്‍ താമസിക്കുന്നുണ്ട്. കോര്‍പ്പറേഷനോ ഏതെങ്കിലും സമുദായമോ അല്ല മറ്റുള്ളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് ശിവസേന വ്യക്തമാക്കി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി നിരോധം ഏര്‍പ്പെടുത്തുന്നത് എന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയും ആരോപിച്ചു.

വിഷയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ വിട്ടുനിന്നതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നാല് കൗണ്‍സിലര്‍മാര്‍ക്ക് ശിവസേന നോട്ടീസ് നല്‍കിയിട്ടുണ്ട്.

2011ലെ സെന്‍സസ് അനുസരിച്ച് മിരഭയന്ദര്‍ മുനിസിപ്പാലിറ്റിയില്‍ 8.5 ലക്ഷം ജനങ്ങളാണുള്ളത്. ഇതില്‍ 1.25 ലക്ഷം പേര്‍ ജൈനരാണ്.

Top