ഫയര്‍ഫോഴ്‌സ് മേധാവിയുടെ ചുമതലയില്‍ നടപടിക്ക് വിധേയനായ ഐപിഎസുകാരന്‍

തിരുവനന്തപുരം: സത്യസന്ധനായ ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസിനെ അകാരണമായി മാറ്റിയ സര്‍ക്കാര്‍ പകരം നിയമനം നല്‍കിയത് പൊലീസിന് അപമാനകരമായ പ്രവര്‍ത്തി ചെയ്തതിന് ശിക്ഷാ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‌.

കല്‍പ്പറ്റ എഎസ്പി ആയിരിക്കെ ക്യാംപ് ഓഫീസില്‍ സേനക്ക് നിരക്കാത്ത ‘പ്രവര്‍ത്തി’ നടത്തിയത് സംബന്ധിച്ച് മുന്‍ ഡിജിപി രമേശ് ചന്ദ്രഭാനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി നേരിട്ട അനില്‍ കാന്തിനാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഡിജിപി തസ്തികയായ ഫയര്‍ഫോഴ്‌സ് മേധാവി തസ്തികയിലാണ് എഡിജിപിയായ അനില്‍ കാന്തിന്റെ പുതിയ ചുമതല.

ഇദ്ദേഹം സ്റ്റേറ്റ് ക്രൈംസ് റിക്കാര്‍ഡ്‌സ് ബ്യൂറോ ഐ.ജിയായിരിക്കെ കതകിലുള്ള ‘ഡോര്‍ ലെന്‍സ്’ വൈറ്റ്‌നര്‍ വച്ച് മറച്ചുവച്ചത് സംബന്ധിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഏകാഗ്രതയോടെ ചെയ്യേണ്ട ഔദ്യോഗിക ജോലിക്ക് വിഘ്‌നം വരാതിരിക്കാന്‍ മുന്‍ഗാമിയായ എന്‍.സി അസ്താന മുന്‍കൈ എടുത്ത് ഘടിപ്പിച്ച ‘ഡോര്‍ ലെന്‍സ്’ ആണ് ഇപ്രകാരം മറച്ച് വച്ചതത്രെ.

ഔദ്യോഗിക ജീവിതത്തില്‍ തുടക്കത്തില്‍ തന്നെ മോശം ജീവിതശൈലി തുടങ്ങിയ അനില്‍ കാന്തിന്റെ ‘തനിനിറം’ അറിയാവുന്ന മുന്‍ സര്‍ക്കാരുകള്‍ ഇദ്ദേഹത്തിന് സുപ്രധാന ചുമതല നല്‍കാതെ മാറ്റിനിര്‍ത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ‘ക്ലീന്‍ ഇമേജുകാരനെന്ന്’ അവകാശപ്പെടുന്ന ആഭ്യന്തരമന്ത്രി അധികാരത്തിരിക്കുമ്പോഴാണ് സത്യസന്ധന്‍ പുറത്തും നടപടിക്ക് വിധേയനായവന്‍ അകത്തും ഇരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ മന്ത്രിയായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടെടുത്തതാണ് ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് തെറുപ്പിക്കുന്നതിന് കാരണമായിരുന്നത്.

ഇപ്പോള്‍ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ തെറുപ്പിച്ചതും ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കിയതിനാണ്.

വന്‍കിട കെട്ടിട സമുച്ചയങ്ങള്‍ക്കും ക്വാറികള്‍ക്കും ഫയര്‍ഫോഴ്‌സ് നല്‍കുന്ന എന്‍ഒസിയില്‍ കര്‍ക്കശ നിലപാടെടുത്തതാണ് ജേക്കബ് തോമസിനെ ഇപ്പോള്‍ വീണ്ടും സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്.

മുന്‍കാലങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ അധികാരത്തെക്കുറിച്ച് ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ക്കുപോലും വലിയ അറിവുണ്ടായിരുന്നില്ലെങ്കില്‍ ജേക്കബ് തോമസ് വന്നതിന് ശേഷം കാര്യങ്ങള്‍ മാറുകയായിരുന്നു.

എന്‍.ഒ.സി കാര്യത്തിലും പരിശോധനയുമായി ബന്ധപ്പെട്ടും നേരിട്ടുള്ള ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. ഇതാണ് വന്‍കിട ‘ശക്തികള്‍ക്ക്’ ഭീഷണിയായതും അദ്ദേഹത്തെ തെറുപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും.

മന്ത്രിസഭയിലെ ചില അംഗങ്ങളുടെ താലപര്യത്തിന് വഴങ്ങിയാണ് വകുപ്പ് മന്ത്രികൂടിയായ ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടം തട്ടുന്ന നിലപാടെടുത്തത്.

നേരത്തെ പോര്‍ട്ട് ഡയറക്ടറായിരിക്കെ മറൈന്‍ യൂണിവേഴ്‌സിറ്റി കേരളത്തില്‍ കൊണ്ടുവന്നത് ജേക്കബ് തോമസ് മുന്‍കൈ എടുത്തതുകൊണ്ടായിരുന്നു.

പിന്നീട് അദ്ദേഹത്തെ അവിടെ നിന്നും മാറ്റിയപ്പോള്‍ പകരം നിയമിച്ചത് വിജിലന്‍സ് എന്‍ക്വയറി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥനെയായിരുന്നുവെന്നതും വിരോധാഭാസമാണ്.

ഐഐഎം അഹമ്മദാബാദില്‍ നിന്നും ഹ്യൂമന്‍ റിസോഴ്‌സില്‍ (എച്ച്.ആര്‍) നേടിയ ഡോക്ടറേറ്റ് അടക്കം രണ്ട് ഡോക്ടറേറ്റുള്ള സംസ്ഥാനത്തെ ഏക അഖിലേന്ത്യാ സര്‍വ്വീസുകാരന്‍ കൂടിയാണ് ജേക്കബ് തോമസ്.

Top