ജേക്കബ് തോമസിനെയും ഋഷിരാജിനെയും ഓര്‍ത്ത് ‘ഉറക്കം’ നഷ്ടപ്പെട്ട് സര്‍ക്കാര്‍…

തിരുവനന്തപുരം: മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ഡിജിപി ജേക്കബ് തോമസും എഡിജിപി ഋഷിരാജ് സിങ്ങും സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ഉടന്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച ലഭിച്ചില്ലെങ്കില്‍ ഈ രണ്ട് ഉദ്യോഗസ്ഥരും യുഡിഎഫിന് വലിയ ഭീഷണി ആയിരിക്കുമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ പേടി.

ഇനിയും വളരെക്കാലം സര്‍വ്വീസ് അവശേഷിക്കുന്ന ജേക്കബ് തോമസും ഋഷിരാജ് സിങ്ങും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ തന്ത്രപ്രധാനമായ തസ്തികകളില്‍ തിരിച്ചെത്തുമെന്ന ഭയമാണ് നേതാക്കളുടെ ഉറക്കം കെടുത്തുന്നത്.

ജേക്കബ് തോമസിന് 2020 ഏപ്രില്‍ വരെയും ഋഷിരാജ് സിങ്ങിന് 2021 വരെയും സര്‍വ്വീസ് അവശേഷിക്കുന്നുണ്ട്.

ഡിജിപി ടി.പി സെന്‍കുമാറിന് ഇനിയും രണ്ട് വര്‍ഷം സര്‍വീസ് അവശേഷിക്കുന്നതിനാലും അദ്ദേഹത്തോട് കടുത്ത എതിര്‍പ്പ് നിലവില്‍ നേതൃത്വത്തിനില്ലാത്തതിനാലും അധികാരത്തില്‍ ഇടതുമുന്നണി വന്നാലും തുടരാന്‍ അുവദിക്കാനാണ് സാധ്യത.

അങ്ങനെ വന്നാല്‍ തന്നെ വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ സിപിഎം അവരോധിച്ചേക്കുമെന്ന പേടിയും കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്.

നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അടുത്തമാസം വിരമിക്കുന്നതോടെ ഋഷിരാജ് സിങ്ങിന് ഡിജിപി തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിന്‍സന്‍ പോളിന്റെ പിന്‍ഗാമിയായി ലോക്‌നാഥ് ബഹ്‌റ, അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് യുഡിഎഫ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്ന് ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കാനും ഇപ്പോള്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ട്.

2017 ജൂണ്‍ വരെ സര്‍വ്വീസുള്ള സെന്‍കുമാറിന്റെ റിട്ടയര്‍മെന്റിന് ശേഷം ജേക്കബ് തോമസിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായും ഋഷിരാജ്‌സിങ്ങിനെ തിരിച്ച് വിജിലന്‍സ് ഡയറക്ടറാക്കി നിയമിക്കുന്നതും ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് യുഡിഎഫ് ഉന്നതര്‍.

പലതും സിപിഎമ്മിനും മറച്ചുപിടിക്കാന്‍ ഉള്ളതിനാല്‍ ഇത്തരമൊരു സാഹസത്തിന് ഇടതുമുന്നണി അധികാരത്തില്‍ വന്നാലും തയ്യാറാവില്ലെന്ന് വിശ്വസിച്ച് ആശ്വസിക്കുകയാണവര്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഐപിഎസ് ഉദ്യോഗസ്ഥരെ പന്ത് തട്ടുന്നതുപോലെ തെറുപ്പിച്ചതിനെതിരെ സിപിഎം നേരത്തെ തന്നെ ശക്തമായി രംഗത്തുവന്നിരുന്നു.

യുവ ഐപിഎസുകാര്‍ക്ക് ഏറ്റവും കൂടുതല്‍ ജില്ലാ ഭരണത്തിന്റെ ചുമതല നല്‍കിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലയളവിലും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പരിഗണന ലഭിച്ചിരുന്നു.

സര്‍ക്കാരിന്റെ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കേണ്ട ഗതികേടും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായി.

ചാര്‍ജെടുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എസ്.പിമാരായ രാജ്പാല്‍ മീണ, മഞ്ജുനാഥ്, അജിത ബീഗം, ഡോ. ബി ശ്രീനിവാസ്, ബഹ്‌റ, ഉമ ബഹ്‌റ തുടങ്ങി നിരവധിപേരെ ജില്ലാ ഭരണങ്ങളില്‍ നിന്ന് തെറുപ്പിച്ചിരുന്നു. ഇതില്‍തന്നെ ചിലരെ സര്‍ക്കാര്‍ വന്നതിനുശേഷം നാലും അഞ്ചും തവണയാണ് സ്ഥലം മാറ്റിയത്.

‘ആശ്രിതവത്സരായ’ കണ്‍ഫേര്‍ഡ് ഐപിഎസുകാരായ എസ്.പിമാര്‍ക്ക് വേണ്ടിയായിരുന്നു സര്‍ക്കാരിന്റെ ഈ വഴിവിട്ട നടപടിയെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. നിയമം മുഖംനോക്കാതെ നടപ്പാക്കിയതാണ് യുവ ഐപിഎസുകാര്‍ക്ക് വിനയായത്.

ക്രമസമാധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരെ മതിയായ കാരണങ്ങളില്ലാതെ രണ്ട് വര്‍ഷമെങ്കിലും പൂര്‍ത്തീകരിക്കാതെ സ്ഥലം മാറ്റരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചാണ് ഈ നിയമവിരുദ്ധ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇക്കാര്യത്തില്‍ ഐപിഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തവണ യുഡിഎഫിന് അധികാരം ലഭിച്ചപ്പോള്‍ സിപിഎമ്മിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചുവെന്ന വികാരം സിപിഎം നേതൃത്വത്തിലുള്ളതിനാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഒരു ദയാദാക്ഷിണ്യവും സര്‍ക്കാര്‍ പ്രതീക്ഷിക്കേണ്ടെന്നാണ് മുതിര്‍ന്ന സിപിഎം നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്.

ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാലും പിണറായി വിജയന്‍ മുഖ്യമന്ത്രിയായാലും ഒരു മാറ്റവുമുണ്ടാവില്ലെന്നാണ് സിപിഎം നേതാക്കള്‍ നല്‍കുന്ന സൂചന.

ആശ്രിതവത്സരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരെയും മാറ്റിനിര്‍ത്തിയാല്‍ മാത്രമെ സത്യസന്ധമായ നീതി നിര്‍വ്വഹണം സാധ്യമാകൂവെന്ന് ഒരു ഉന്നത സിപിഎം നേതാവ് ചൂണ്ടിക്കാട്ടി.

യുഡിഎഫ് സര്‍ക്കാര്‍ ഒതുക്കിയ ജേക്കബ് തോമസ്, ഋഷിരാജ്‌സിങ്ങ് ഉള്‍പ്പെടെയുള്ള ഐപിഎസുകാരെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ കൊണ്ടുവരാന്‍ അടുത്ത അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ (ഇടതുപക്ഷമാണെങ്കില്‍) തീരുമാനിച്ചാല്‍ ബാര്‍ കോഴ, സോളാര്‍ കേസ് ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം,ചിട്ടി തട്ടിപ്പ് കേസ് തുടങ്ങി യുഡിഎഫിനെയും എസ്എന്‍ഡിപി യോഗത്തെയും മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി സംഭവങ്ങളുടെ ചുരുളഴിയും.

വി.എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യത്തിലെ ‘പൂച്ചകളില്‍’ പ്രധാനിയായിരുന്ന ഋഷിരാജ് സിങ്ങിനോട് വി.എസിന് ഇപ്പോഴും വലിയ താല്‍പര്യമാണുള്ളത്.

ഇടതിന് അധികാരം ലഭിച്ചാല്‍, ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ പ്രതി ചേര്‍ത്തതിനും ഫയര്‍ഫോഴ്‌സില്‍ നിയമങ്ങള്‍ നടപ്പാക്കിയതിനും സര്‍ക്കാര്‍ സ്ഥലം മാറ്റി അപമാനിച്ച ജേക്കബ് തോമസിന്റെ കയ്യില്‍ തന്നെ ‘വടി’ കൊടുത്താല്‍ അത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതത്തിനിടയാക്കിയേക്കും.

Top