ജേക്കബ് തോമസിനെതിരെ നടപടിക്ക് ഇനി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ധൈര്യമുണ്ടോ..?

ബാര്‍ കോഴ കേസിലെ വിജിലന്‍സ് കോടതിവിധി നല്ല തീരുമാനമാണെന്നും സത്യം വിജയിച്ചുവെന്നും പറഞ്ഞതിന് മുന്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസിനെതിരെ നടപടി എടുക്കുമെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇനി അതിന് ധൈര്യമുണ്ടോ?

മുട്ട് വിറക്കില്ലെങ്കില്‍ നടപടി എടുത്ത് കാണിക്കുക… കേരളം കാണട്ടെ നിങ്ങളുടെ ആ ‘ചങ്കൂറ്റം’…

വിജിലന്‍സ് കോടതിയെ തിരുത്താന്‍ സുപ്രീംകോടതിയില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാവ് കൂടിയയായ വിലകൂടിയ അഭിഭാഷകനെ രംഗത്തിറക്കിയ സര്‍ക്കാരിനുള്ള കനത്ത പ്രഹരമാണ് ഹൈക്കോടതിയുടെ ഈ ശക്തമായ വിധി.

സീസറിന്റെ ഭാര്യയും സംശയങ്ങള്‍ക്കതീതനായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയത് ജന വികാരം മുന്‍നിര്‍ത്തി തന്നെയാണ്.

ഭരണസ്വാധീനവും പണവും ഉപയോഗിച്ച് ഏത് കേസും അട്ടിമറിക്കാമെന്നും സത്യസന്ധമായി നീതി നിര്‍വ്വഹണം നടപ്പാക്കുന്നവര്‍ എത്ര ഉന്നത ഐപിഎസ്‌കാരനായാലും അവര്‍ക്കെതിരെ നടപടിഎടുക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് ഹൈക്കോടതിയുടെ ഇപ്പോഴത്തെ പ്രതികരണത്തെ എതിര്‍ക്കാന്‍ ധൈര്യമുണ്ടോ?

തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വിധിയെന്ന് പറഞ്ഞ മാണിയുടെ അഭിപ്രായം തന്നെയാണോ സര്‍ക്കാരിനുമുള്ളത് ?

മുമ്പ് പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിന് വിജിലന്‍സ് ജഡ്ജിക്കെതിരെ പി.സി ജോര്‍ജ്ജിനെ ആയുധമാക്കിയവര്‍ ഇതിന് മറുപടി പറയണം.

ജനാധിപത്യരാജ്യത്ത് നിയമം നിലനില്‍ക്കണമെന്നും നീതി നടപ്പാകണമെന്നും ആഗ്രഹിക്കുന്നതുകൊണ്ടാണ് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ മാണി ബാര്‍ കോഴക്കേസില്‍ പ്രതിയായത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിജിലന്‍സ് പ്രതിയാക്കിയിരുന്നത്.

എന്നാല്‍ നിയമം മാണിയുടെ വഴിക്കാക്കാന്‍ ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് പുകച്ച് പുറത്തുചാടിക്കുകയും പിന്നെ വേട്ടപ്പട്ടിയുടെ ക്രൂരഭാവത്തോടെ അദ്ദേഹത്തെ വേട്ടയാടുകയുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചെയ്തത്.

ഫയര്‍ഫോഴ്‌സില്‍ നിയമനം നല്‍കിയ അദ്ദേഹത്തെ ജനങ്ങളുടെ സുരക്ഷ നടപ്പാക്കുന്നതിന് ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ കര്‍ക്കശമാക്കിയതിന് ഇല്ലാത്ത കാരണം പറഞ്ഞ് അവിടെ നിന്നും പുകച്ച് പുറത്തുചാടിച്ചു. ഒടുവില്‍ ഡിജിപി പദവിയിലുള്ള ജേക്കബ് തോമസിനെ തന്നേക്കാള്‍ ജൂനിയര്‍ ഓഫീസര്‍ ഇരിക്കേണ്ട പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയാക്കി തരംതാഴ്ത്തിയും അപമാനിച്ചു.

സിംഹത്തെ കൂട്ടിലടച്ചാല്‍ കൂടുപൊളിച്ച് പുറത്തുവരുമെന്ന് ചിന്തിക്കാതെയായിരുന്നു ഈ ഒതുക്കല്‍. സത്യസന്ധമായി പ്രതികരിച്ചതിന് നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ജേക്കബ് തോമസിനുണ്ടായ ചങ്കുറപ്പ് അദ്ദേഹം അനീതി ചെയ്തിട്ടില്ലെന്ന ഉത്തമവിശ്വാസം തന്നെയാണ്.

ഇപ്പോള്‍ ഹൈക്കോടതി മാണിയെയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് ഡയറക്ടറെയും ശക്തമായി പ്രഹരിച്ചത് ജേക്കബ് തോമസിന്റെ നിലപാടിനുള്ള അംഗീകാരം കൂടിയാണ്.

മാണി രാജിവച്ചതുകൊണ്ടുമാത്രം ഇവിടെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. സര്‍ക്കാരിന്റെ ധിക്കാരപരവും നിയമവിരുദ്ധ സമീപനങ്ങളിലുമാണ് മാറ്റംവരേണ്ടത്.

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. ക്രിമിനല്‍ ഉദ്യോഗസ്ഥരെ പുണരുന്ന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സത്യസന്ധരായ ജേക്കബ് തോമസും ഋഷിരാജ് സിങ്ങും അടക്കമുള്ള ജനപ്രിയ ഉദ്യോഗസ്ഥരെ അപമാനിച്ചാല്‍ അത് ജനങ്ങള്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ല.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ഭരണകൂടത്തിന് തന്നെ ആത്മവിശ്വാസമില്ലാത്ത ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ ധിക്കാരം ?

Top