ജേക്കബ് തോമസിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല

സര്‍ക്കാരിന്റ നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചു എന്ന കുറ്റത്തിന് ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്.

ജേക്കബ് തോമസിനെപ്പോലുള്ള നട്ടെല്ലുള്ള ഉദ്യോഗസ്ഥര്‍ ഐപിഎസ് വാങ്ങിയത് ഭരിക്കുന്ന സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ എന്ത് നെറികേടായാലും അതിന് കൂട്ടുനിന്നുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടല്ല എന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

മാധ്യമങ്ങളോട് മിണ്ടുന്നത് അപരാധമാണെങ്കില്‍ പാമോയില്‍ കേസില്‍ പ്രതിയാണെന്നറിഞ്ഞിട്ടും നിങ്ങള്‍ ചീഫ് സെക്രട്ടറി ആയി അവരോധിച്ച ജിജി തോംസണിനാണ് ആദ്യം മൂക്കുകയറിടേണ്ടത്.

സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ അച്ചടക്കലംഘനം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത്. അങ്ങനെയെങ്കില്‍ ചാര്‍ജ്ജെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച് വകുപ്പ് മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലായെന്നും വ്യക്തമാക്കണം.

മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറിക്കെതിരെ പ്രതികരിച്ചത് എങ്ങനെ മുഖ്യമന്ത്രിക്ക് പിന്നെ പൊട്ടിച്ചിരിയായി മാറി?

സ്വയം ലക്ഷ്മണരേഖ പാലിച്ചിട്ടുവേണം സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മേധാവിയായ ചീഫ് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥരെ നിയമം പഠിപ്പിക്കാനിറങ്ങേണ്ടത്.

താന്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരിക്കെ മന്ത്രി കെ.എം മാണിയെ പ്രതിചേര്‍ത്ത കേസിലെ നിര്‍ണ്ണായക ഉത്തരവ് വിജിലന്‍സ് കോടതി പുറപ്പെടുവിച്ചപ്പോള്‍ നല്ല തീരുമാനമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ജേക്കബ് തോമസ് പ്രതികരിച്ചത് എങ്ങനെ തെറ്റായ തീരുമാനമാവും?

കോടതി നടപടിയെ ജേക്കബ് തോമസ് വിമര്‍ശിക്കണമെന്നായിരുന്നോ സര്‍ക്കാര്‍ ആഗ്രഹിച്ചത് ?

ഈ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണമായിരിക്കും ഒരു പക്ഷേ ‘സെല്ലോ ടേപ്പു’മായി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രതികരിക്കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ഈ ജനാധിപത്യ രാജ്യത്ത് ആരുടെയെങ്കിലും വായ മൂടിക്കെട്ടണമെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് ഇവിടെ നടപ്പാക്കാന്‍ കഴിയുന്നത്?

ഉദ്യോഗസ്ഥരെ കര്‍ത്തവ്യബോധം ബോധ്യപ്പെടുത്തുമ്പോള്‍ അത് ചിലര്‍ക്ക് മാത്രമായി അടിച്ചേല്‍പ്പിക്കുന്നത് ഏത് സര്‍വ്വീസ് നിയമം മുന്‍നിര്‍ത്തിയാണെന്ന് മുഖ്യമന്ത്രിയും പൊലീസ് മന്ത്രിയും വ്യക്തമാക്കണം.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യാറില്ലെന്ന ജേക്കബ് തോമസിന്റെ പരാമര്‍ശവും വളരെ ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്.

സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും എതിര്‍പ്പുള്ളവരോട് പക വീട്ടാനുമുള്ള ഒരായുധമായാണ് വിജിലന്‍സിനെ ആഭ്യന്തര വകുപ്പ് ഉപയോഗപ്പെടുത്തുന്നത്.

വിജിലന്‍സ് കേസില്‍ പ്രതിയായ ഐപിഎസ് ഓഫീസര്‍ എങ്ങനെ ക്രൈംബ്രാഞ്ചിലെത്തി എന്ന് ജേക്കബ് തോമസിനെതിരെ വാളെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ആലോചിക്കുന്നത് നല്ലതാണ്.

നിയമവിരുദ്ധ പ്രവര്‍ത്തിക്ക് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥനെതിരെ, ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ച് അദ്ദേഹത്തിന്റെ കീഴില്‍ തന്നെ ഐ.ജിയായി നിയമനം നല്‍കിയത് ‘ലക്ഷ്മണ രേഖ’ ലംഘിച്ചാണ്.

ക്രിമിനല്‍ കേസും വിജിലന്‍സ് കേസും നിയമവിരുദ്ധ പ്രവര്‍ത്തിയുമൊന്നും തന്ത്രപ്രധാനമായ തസ്തികകളില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് ‘തടസ്സമല്ല ‘.

നിയമം ശരിയായ രൂപത്തില്‍ പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്നതിലാണോ നിങ്ങള്‍ക്ക് അസഹിഷ്ണുത?

ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഫയര്‍ സേഫ്റ്റി നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതിലാണ് ഫ്‌ളാറ്റ് ലോബിക്കുവേണ്ടി ജേക്കബ് തോമസിനെ തെറുപ്പിച്ചത്.

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ സാന്നിധ്യം അന്വേഷണ ഉദ്യോഗസ്ഥന് മാണിയെ പ്രതിയാക്കാന്‍ ധൈര്യം പകര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് ജേക്കബ് തോമസിനോടാണോ പ്രതികാരം ചെയ്യേണ്ടത്.

വിജിലന്‍സില്‍ നിന്നും ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ സ്ഥലം മാറ്റിയത് ഉദ്യോഗക്കയറ്റത്തിന്റെ പേരിലാണെന്ന് വാദിക്കുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ ഫയര്‍ ഫോഴ്‌സില്‍ നിന്ന് എന്തിനാണ് മാറ്റിയതെന്ന് ഓര്‍ത്തിട്ടുവേണം അച്ചടക്ക നടപടിയിലേക്ക് കടക്കാന്‍.

ജേക്കബ് തോമസിനെതിരെ നിരവധി പരാതികള്‍ കിട്ടിയതുകൊണ്ടാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് അത് വാക്കാലുള്ള പരാതിയാണെന്ന് പറഞ്ഞ് മലക്കം മറിയേണ്ടിവന്നതും കേരളം കണ്ടതാണ്.

പതിനായിരക്കണക്കിന് മനുഷ്യജീവനല്ല വിരലിലെണ്ണാവുന്ന ഫ്‌ളാറ്റ് മുതലാളിമാരുടെ താല്‍പര്യത്തിനാണ് ഈ നിയമവിരുദ്ധ സ്ഥലം മാറ്റം വഴി സര്‍ക്കാര്‍ പ്രാധാന്യം കൊടുത്തത്.

സത്യസന്ധമായി നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് നിരവധിതവണ സ്ഥലം മാറ്റിയും ജൂനിയര്‍ ഉദ്യോഗസ്ഥനിരുന്ന തസ്തികയില്‍ നിയമിച്ചും നിങ്ങള്‍ക്ക്… ഉത്തരവാദിത്വപ്പെട്ട ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ അപമാനിക്കാമെങ്കില്‍ പ്രതികരണം സഹിക്കാനും നിങ്ങള്‍ ബാധ്യസ്ഥരാണ്.

നട്ടെല്ലും ചങ്കുറപ്പുമുള്ള ഒരു പോലീസുകാരന്‍ ഇങ്ങനെയല്ലേ പ്രതികരിച്ചുള്ളൂ എന്നാണ് സ്വയം ആശ്വസിക്കേണ്ടത്.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുന്നുള്ളൂ എന്നിരിക്കെ, ഭരണത്തുടര്‍ച്ചയെങ്ങാനും ലഭിച്ചില്ലെങ്കില്‍ ജേക്കബ് തോമസിന് ഇനി അഞ്ചുവര്‍ഷം സര്‍വ്വീസ് അവശഷിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യവും മനസ്സില്‍ കുറിക്കുന്നത് ‘ഭാവി’ ക്ക് നല്ലതായിരിക്കും.

Team Express Kerala

Top