സ്വത്ത് തര്‍ക്കം: ജെ.എസ്.എസ് – സി.പി.എം ലയനം ഉണ്ടാകില്ല

ആലപ്പുഴ: സി.പി.എം – ജെ.എസ്.എസ് ലയനം ഉണ്ടാകില്ല. സി.പി.എമ്മില്‍ ലയിക്കേണ്ടതില്ലെന്ന് ചാത്തനാട്ട് ഗൗരിഅമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗം തീരുമാനിച്ചതോടെയാണിത്. പാര്‍ട്ടി ഓഫീസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് ലയന തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ഗൗരിയമ്മയെ നിര്‍ബന്ധിതയാക്കിയത്. അതേസമയം, ജെ.എസ്.എസില്‍ നിന്നുകൊണ്ട് തന്നെ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഗൗരിയമ്മ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പി.കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ ലയനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഈ യോഗം മാറ്റി വച്ചതായി ഗൗരിയമ്മ അറിയിച്ചു. കോടിയേരിയുമായി ലയന സമ്മേളനം തീരുമാനിച്ചപ്പോള്‍ സ്വത്തിന്റെ കാര്യത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. ജെ.എസ്.എസിലെ സ്വത്ത് തര്‍ക്കം സി.പി.എമ്മിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ജെ.എസ്.എസ് തീരുമാനത്തിന് പിന്നാലെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരോടെ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ മാസം 18ന് ഗൗരിയമ്മയുടെ വസതിയിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സി.പി.എമ്മില്‍ ലയിക്കാന്‍ ഗൗരിയമ്മ തീരുമാനിച്ചത്.
സി.പി.എമ്മില്‍ ലയിക്കുന്നതിനെതിരേ ജെ.എസ്.എസ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എന്‍. രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ അന്ന് തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Top