ജെഎന്‍യു വൈസ് ചാന്‍സലര്‍ പദവി സ്വാമിക്ക് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സ്മൃതി ഇറാനി

ലക്‌നൗ: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നിയമിതനാകുമെന്ന വാര്‍ത്ത തള്ളി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി.

സുബ്രഹ്മണ്യം സ്വാമിക്ക് ജെഎന്‍യു വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനം ചെയ്തിട്ടില്ല. സുബ്രഹ്മണ്യം സ്വാമിയെ ചാന്‍സലറായി നിയമിക്കാന്‍ തനിക്ക് അധികാരവുമില്ല. മാത്രമല്ല സ്വാമിക്ക് ചാന്‍സലര്‍ പദവി വഹിക്കാനുള്ള പ്രായപരിധി കഴിഞ്ഞെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

ജെഎന്‍യുവിന്റെ പുതിയ വൈസ് ചാന്‍സലറായി സുബ്രഹ്മണ്യം സ്വാമിയെ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചുമതല ഏറ്റെടുക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ സ്വാമി മുന്നോട്ടുവച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) യുടെ പേര് മാറ്റണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും നക്‌സലൈറ്റുകളാണെന്നും സ്വാമി ആരോപിച്ചിരുന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂവെന്ന സ്വാമിയുടെ പരാമര്‍ശം വിവാദമായിരുന്നു. നെഹ്‌റുവിനെതിരായ സ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Top