ജൂലൈ മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 5ന് കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജൂൺ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണം.

അതേസമയം കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുടെ ആദ്യ സർവീസ് പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് ഇന്നലെ നിർവഹിച്ചു. ഗ്രാമവണ്ടിക്ക് വഴി നീളെ നാട്ടുകാര്‍ സ്വീകരണമൊരുക്കി.

ഉൾനാടൻ പ്രദേശങ്ങളിലെ യാത്ര ക്ലേശത്തിന് പരിഹാരം തേടിയുള്ള പുത്തൻ പദ്ധതിക്ക് വൻ ജനപങ്കാളിത്തത്തോടെയാണ് തുടക്കമായത്. കേരളത്തിന്റെ തെക്കേ അറ്റത്തെ പാറശാല മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിലെ പനയംമൂല, മഞ്ചവിളാകം, അമ്പലം, കൊടുംകര, ധനുവച്ചപുരം പ്രദേശങ്ങളിലാണ് ആദ്യ ഗ്രാമവണ്ടി എത്തിയത്.

Top