ജുറാസിക് പാര്‍ക്കിന്റെ നാലാം ഭാഗത്ത് ഇര്‍ഫാന്‍ ഖാന്‍

ലോകത്തെ വിറപ്പിച്ച ജുറാസിക് പാര്‍ക്ക് എന്ന ചിത്രത്തിന്റെ നാലാം ഭാഗമായ ജുറാസിക് വേള്‍ഡ് എത്തുന്നു. ജുറാസിക് വേള്‍ഡില്‍ പ്രധാനവേഷം ചെയ്യുന്നത് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. സൈമണ്‍ മര്‍സാനിയെന്ന കഥാപാത്രത്തെയാണ് ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്. ആങ് ലിയുടെ ലൈഫ് ഓഫ് പൈയ്ക്ക് ശേഷം ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണിത്.

ചിത്രം നിര്‍മിക്കുന്നത് യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സാണ്. സ്പീല്‍ബെര്‍ഗ് സഹനിര്‍മാതാവായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിന്‍ ട്രിവേറോ ആണ്. ക്രിസ് പാറ്റ്, നിക്ക് റോബിന്‍സണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

ഭീമന്മാരായ ദിനോസറുകളാല്‍ വെള്ളിത്തിരയില്‍ ചരിത്രമെഴുതിയ ചിത്രമായിരുന്നു 1993ല്‍ പുറത്തിറങ്ങിയ ജുറാസിക് പാര്‍ക്ക്. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് ഒരുക്കിയ ചിത്രം ഹോളിവുഡിലെ എക്കാലത്തെയും മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നാണ്. 1997ല്‍ പുറത്തിറങ്ങിയ ദ ലോസ്റ്റ് വേള്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തത് സ്പീല്‍ബെര്‍ഗ് തന്നെ ആയിരുന്നു. പിന്നീട് 2001ല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങി. ജോയ് ജോണ്‍സ്റ്റണായിരുന്നു സംവിധായകന്‍.

ഹോളിവുഡിലെ പുതിയ ടെക്‌നോളജികള്‍ ചിത്രത്തിനെ കുറ്റമറ്റത്താക്കുമെന്ന് കരുതാം. ത്രീഡിയില്‍ പുറത്തിറങ്ങുന്ന ജുറാസിക് വേള്‍ഡ് പ്രേക്ഷകരെ വിറപ്പിക്കുമെന്ന് തീര്‍ച്ച. 2015 ജൂണ്‍ 12 ആണ് പടത്തിന്റെ റിലീസ് തീയതി.

Top