ജീവനക്കാര്‍ക്ക് 1300 കോടിയുടെ ഷെയര്‍ സൗജന്യമായി നല്‍കി ട്വിറ്റര്‍ സിഇഒ

ന്യൂയോര്‍ക്ക്: ജീവനക്കാര്‍ക്ക് 1300 കോടിയുടെ ഷെയര്‍ നല്‍കി ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ. തന്റെ കൈവശമുള്ള 1300 കോടി രൂപ വിലമതിക്കുന്ന 68 ലക്ഷം ട്വിറ്ററിന്റെ ഷെയറുകളാണ് ജാക്ക് ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കുന്നത്.

ഈ കൈമാറ്റം സംബന്ധിച്ച രേഖകള്‍ അമേരിക്കന്‍ സ്റ്റോക്ക് സെക്യൂരിറ്റി ഏജന്‍സിയായ സെക്യൂരിറ്റി ആന്റ് എക്‌സേഞ്ച് കമ്മീഷന് അദ്ദേഹം കൈമാറി. ട്വിറ്ററിലെ എട്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് ഒരാഴ്ചയ്ക്കുള്ളിലാണ് ട്വിറ്ററിലെ തന്റെ ഓഹരിവിഹിതത്തിന്റെ മൂന്നില്‍ ഒരു ശതമാനം ട്വിറ്റര്‍ സിഇഒ ജീവനക്കാര്‍ക്ക് നല്‍കുന്നത് എന്നതാണ് കൗതുകകരം.

ഡോര്‍സെ ഓഹരികള്‍ ട്വിറ്റര്‍ ജീവനക്കാര്‍ക്ക് കൈമാറുവാന്‍ തീരുമാനിച്ചതോടെ ട്വിറ്ററിന്റെ ഓഹരിവിപണിയിലെ മൂല്യം അഞ്ച് ശതമാനത്തോളം ഉയര്‍ന്നു.

ട്വിറ്ററിന്റെ സ്ഥാപകനായ ഡോര്‍സെ മുന്‍പ് സിഇഒ സ്ഥാനത്തുനിന്നും ട്വിറ്റര്‍ പുറത്താക്കിയിരുന്നു. അന്ന് ഫേസ്ബുക്കിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് വളരുവാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി വീണ്ടും പ്രതിസന്ധിയില്‍ ആയപ്പോള്‍ ഡോര്‍സയെ തിരിച്ച് വിളിക്കുകയായിരുന്നു.

Top