ജി 20 ഉച്ചകോടിക്ക് തുടക്കമായി; അജന്‍ഡകളെ അട്ടിമറിച്ച് ഉക്രൈന്‍

ബ്രിസ്‌ബെയിന്‍: ആസ്‌ത്രേലിയന്‍ നഗരമായ ബ്രിസ്‌ബെയിനില്‍ ജി 20 ഉച്ചകോടിക്ക് തുടക്കമായി. ദ്വിദിന ഉച്ചകോടിയില്‍ ആഗോള സാമ്പത്തിക വിഷയങ്ങള്‍ക്ക് മുഖ്യ പരിഗണന ലഭിക്കത്തക്ക വിധത്തിലാണ് അജന്‍ഡ തയ്യാറാക്കിയിട്ടുള്ളതെങ്കിലും ഉക്രൈനില്‍ റഷ്യ നടത്തുന്ന ഇടപെടലുകള്‍ ഉച്ചകോടിയുടെ മുഖ്യ അജന്‍ഡയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ നടക്കുന്ന ചര്‍ച്ച മിക്കതും റഷ്യയെ ലക്ഷ്യം വെച്ചാണ്. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിവരം വന്നതോടെ പ്രസിഡന്റ് വല്‍ദമീര്‍ പുടിന്‍ നേരത്തേ വേദി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഷ്യ ഉെ്രെകന്‍ വിഷയം മറ്റ് അജന്‍ഡകളെ അട്ടിമറിക്കുന്ന സ്ഥിതിയാണ് ഉച്ചകോടിയുടെ ആദ്യ മണിക്കൂറുകളില്‍ കണ്ടത്.

എന്നാല്‍ പിന്നീട് ശരിയായ വഴിയിലേക്ക് എത്തിയിട്ടുണ്ട് അല്‍ ജസീറ ലേഖകന്‍ സ്‌കോട്ട് ഹീദ്‌ലര്‍ പറഞ്ഞു. കിഴക്കന്‍ ഉെ്രെകനില്‍ റഷ്യ കൂടുതല്‍ ആയുധങ്ങള്‍ വിതറുന്നുണ്ടെന്ന് ആരോപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ റഷ്യക്കെതിരെ ശക്തമായ താക്കീതുമായി രംഗത്തെത്തി. റഷ്യയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. അമേരിക്കയും യൂറോപ്യന്‍ യൂനിയനും കൂടുതല്‍ ഉപരോധം കൊണ്ടു വരും കാമറൂണ്‍ പറഞ്ഞു. ആഗോള സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായല്‍, ആഗോള ബേങ്കിംഗ് സംവിധാനം, നികുതി പഴുതുകള്‍ അടയ്ക്കല്‍ തുടങ്ങിയവയാണ് ഉച്ചകോടിയുടെ പ്രഖ്യാപിത അജന്‍ഡ.

പിന്നെയുണ്ടായിരുന്നത് കാലാവസ്ഥാ മാറ്റമായിരുന്നു. ഇക്കാര്യത്തില്‍ ചൈനയും അമേരിക്കയും ധാരണയിലെത്തിയതിനാല്‍ പുതുതായി ചര്‍ച്ചക്കെടുക്കാന്‍ സാധ്യതയില്ല. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ അജന്‍ഡയിലേക്ക് ഉയര്‍ന്നു വരുന്നത്. ഇസില്‍ സംഘം ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ചയാകും. ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇസില്‍ സംഘത്തില്‍ ചേരുന്നത് ഗൗരവപൂര്‍ണമായാണ് ജി 20 കൂട്ടായ്മ കാണുന്നത്. ആതിഥേയ രാഷ്ട്രമെന്ന നിലയില്‍ ആസ്‌ത്രേലിയ സാമ്പത്തിക വികസനത്തിലാണ് ഊന്നുന്നത്.

Top