ജി.എസ്.എക്‌സ് എസ് 1000: പുത്തന്‍ റേസറുമായി സുസുക്കി എത്തി

റേസിംഗ് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയില്‍ സുസുക്കി പരിചയപ്പെടുത്തുന്ന പുതിയ മുഖമാണ് ജി.എസ്.എക്‌സ് എസ് 1000. ഏറെ മനോഹരമായ ലുക്കാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത. സ്‌പോര്‍ട് റോഡ്‌സ്റ്റര്‍ വിഭാഗത്തില്‍ അണിയിച്ചൊരുക്കിയ ജി.എസ്.എക്‌സ് എസ് 1000ന് 12.25 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

സ്‌റ്റൈലിഷ് ലുക്ക്, ഉയര്‍ന്ന ടെക്‌നോളജി, മികച്ച നിര്‍മ്മാണ നിലവാരം, കരുത്തുറ്റ എന്‍ജിന്‍, ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍, സ്‌പോര്‍ട്ടി റൈഡിംഗിന് അനുയോജ്യമായ രൂപകല്പന എന്നിവ ജി.എസ്.എക്‌സ് എസ് 1000ന്റെ മികവുകളാണ്. സെമി ഫെയറിംഗ് നല്‍കിയാണ് ജി.എസ്.എക്‌സ് എസ് 1000നെ സുസുക്കി ഒരുക്കിയിരിക്കുന്നത്. ഇന്ധനടാങ്കിനോട് ചേര്‍ന്ന് ഇരുവശത്തും മനോഹരമായി സുസുക്കി ലോഗോ ക്രോമില്‍ നല്‍കിയിട്ടുണ്ട്.

ബേസിക് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിനൊപ്പം ട്രാക്ഷന്‍ കണ്‍ട്രോള്‍, ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഇനിയെത്ര ദൂരം ഓടാം എന്നിവ വ്യക്തമാക്കുന്ന ഡിസ്‌പ്ലേയുമുണ്ട്. പതിനായിരം ആര്‍.പി.എമ്മില്‍ 144 ബി.എച്ച്.പി കരുത്തുള്ള, 4 സിലിണ്ടര്‍, 999 സി.സി എന്‍ജിനാണുള്ളത്. 9500 ആര്‍.പി.എമ്മില്‍ 105.75 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ആറ് ഗിയറുകളുണ്ട്. ഉയര്‍ന്ന പവറും ടോര്‍ക്കും ആറ് ഗിയറുകളും ചേരുമ്പോള്‍ മണിക്കൂറില്‍ 241 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചീറിപ്പായാന്‍ ഈ ബൈക്കിന് കഴിയും. ഇന്ധനടാങ്കില്‍ 17 ലിറ്റര്‍ പെട്രോള്‍ നിറയും.

209 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തം ഭാരം. 140 എം.എം ആണ് ഗ്രൗണ്ട് ക്‌ളിയറന്‍സ്. വീല്‍ബെയ്‌സ് 1460 എം.എം. ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയിട്ടുണ്ട്. എ.ബി.എസ് കൂടി ചേരുന്നതിനാല്‍ ബ്രേക്കിംഗ് സുരക്ഷിതമാണ്. കറുപ്പ് ഷെയ്ഡ് കൂടി ചേരുന്ന നീല, ചുവപ്പ്, ഗ്രേ നിറങ്ങളില്‍ സുസുക്കി ജി.എസ്.എക്‌സ് എസ് 1000 ലഭ്യമാണ്.

വിപണിയിലെ എതിരാളികളും ചില്ലറക്കാരല്ല. ഹോണ്ട സിബി 1000 ആര്‍., യമഹ എഫ്.സീ വണ്‍, ഡുകാറ്റി ഡയവേല്‍ എന്നിവയോടാണ് വിപണിയില്‍ സുസുക്കി ജി.എസ്.എക്‌സ് എസ് 1000ന്റെ മത്‌സരം.

Top