ജില്ലയിലെ റോഡ് തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; എറണാകുളം കളക്ടറുടെ ഉത്തരവ്

collector_safeerulla

കൊച്ചി: എറണാകുളം ജില്ലയിലെ റോഡ് പണിയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങളും തുടര്‍ക്കഥയായതോടെയാണ് കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണി നടത്തിയ സിവില്‍ ലൈന്‍ റോഡ് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം ഈ റോഡിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ജോസ് ജംഗ്ഷനിലെ റോഡും പണി തീര്‍ത്ത് ആഴ്ചകള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞു. ഇത്തരത്തില്‍ ഗുണനിലവാരമില്ലാത്തതു മൂലം റോഡപകടങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള യോഗത്തില്‍ അറിയിച്ചു. നിയമനടപടികളും നേരിടേണ്ടി വരും. ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ റോഡുകള്‍ക്ക് കേടുപാടു സംഭവിച്ചാല്‍ ഉത്തരവാദിത്വം കരാറുകാര്‍ക്കും അസിസ്റ്റന്‍ എന്‍ജിനീയര്‍മാര്‍ക്കും ആയിരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

റോഡുകള്‍ ഗുണനിലവാരമുള്ളതാക്കാന്‍ കരാറുകാര്‍ക്കും ഉത്തരവാദിത്തമുണ്ട്. നിലവാരം കുറഞ്ഞ റോഡുകള്‍ നിര്‍മ്മിക്കുന്ന കരാറുകാര്‍ക്ക് നല്‍കാനുള്ള തുക പിടിച്ചു വയ്ക്കുകയും മൂന്നു വര്‍ഷത്തേക്ക് കരന്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. റോഡ് പണികള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ സബ്ഡിവിഷനുകളില്‍ നടക്കുന്ന പണികളുടെ പുരോഗതി എല്ലാ അഴ്ചയിലും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top