ജിജി തോംസണിന്റെ മോഹം ത്രിശങ്കുവില്‍; പ്രഹരമേറ്റത് ചീഫ് സെക്രട്ടറി മോഹത്തിന്‌

കൊച്ചി: സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജിജി തോംസണിന്റെ ചീഫ് സെക്രട്ടറി മോഹത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. പാമോലിന്‍ കേസില്‍ തനിക്കെതിരായ കുറ്റം റദ്ദാക്കണമെന്ന ജിജി തോംസണിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ ഭരത് ഭൂഷണ്‍ വിരമിക്കുന്ന ഒഴിവില്‍ അദ്ദേഹത്തെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനാണ് കനത്ത പ്രഹരമേറ്റത്.

കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം പൊതു താല്‍പര്യത്തിനെതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാമോലില്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ ആവാനുള്ള അവസരം മറ്റൊരു സീനിയര്‍ ഐഎഎസ് ഓഫീസറായ പി.ജെ തോമസിന് നഷ്ടമായിരുന്നു.

ജിജി തോംസണിനെ ചീഫ് സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ പ്രഹരവും വന്നത്. നിലവിലെ സാഹര്യത്തില്‍ സര്‍ക്കാരിന് പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്തേണ്ടി വരും.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐപിഎസ് ഓഫീസര്‍മാരായ ടോമിന്‍ തച്ചങ്കരിക്കും ശ്രീജിത്തിനും വഴിവിട്ട ഉദ്യോഗക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടിയും നിയമ യുദ്ധത്തിലേക്ക് വഴിമാറുമെന്നാണ് സൂചന. അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒരേ നിലപാടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പാമോലിന്‍ കേസില്‍ ഇടപെടാനുള്ള വി എസിന്റെയും സുനില്‍കുമാറിന്റെയും അവകാശത്തെ കോടതി അംഗീകരിച്ചത് ശ്രദ്ധേയമായി.

Top