ജസ്ബയിലൂടെ ഐശ്വര്യ റായ് ഗായികയായി അരങ്ങേറ്റം കുറിക്കുന്നു

വിശ്വസുന്ദരി ഐശ്വര്യറായ് ഗായികയാകുന്നു. അഭിനയരംഗത്ത് വന്നിട്ട് വര്‍ഷം പതിനെട്ട് കഴിഞ്ഞെങ്കിലും ഐശ്വര്യയിലെ ഗായികയെ പുറത്തുകൊണ്ടുവരാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബാ എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് ഗായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് ബോളിവുഡ് വാര്‍ത്തകള്‍.

അഭിഷേക് ബച്ചനെ വിവാഹം ചെയ്തശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ഐശ്വര്യ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമെന്ന നിലയ്ക്ക് ജസ്ബാ ഇതിനകം വന്‍ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. ഒക്ടോബര്‍ ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സെവന്‍ ഡേയ്‌സ് എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്കാണ് ജസ്ബ. ഈ ചിത്രത്തിനുശേഷം അഭിനയരംഗത്ത് സജീവമാകാനാണ് ഐശ്വര്യയുടെ തീരുമാനമെത്രേ. ബോളിവുഡിന്റെ ഹിറ്റ്‌മേക്കര്‍ കരണ്‍ ജോഹറിന്റെ എക് ദിന്‍ ഹേ മുഷ്‌കിലയില്‍ നായികയാകാന്‍ ഐശ്വര്യ സമ്മതം മൂളിക്കഴിഞ്ഞു.

Top