ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്ക് സുഭാഷ് ചന്ദ്രബോസിന്റെ പേരിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ജെ.എന്‍യുവിന് സുഭാഷ് ചന്ദ്രബോസിന്റെ പേരിടണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നേതാജി സുഭാഷ് ചന്ദ്രബോസിന് നല്ല വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാൽ നെഹ്റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. അതിനാൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പേര് മാറ്റി സുഭാഷ് ചന്ദ്രബോസിന്റെ പേരിടണം. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതേസമയം, ജെഎൻയുവിലെ വിദ്യാർഥികളും അധ്യാപകരും നക്സലൈറ്റുകളാണെന്നും സ്വാമി ആരോപിച്ചു.

നേരത്തെ സ്വാമി രാഷ്ട്രീയ നേതാവ് ആയിരുന്നുങ്കിലും ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയ കോമാളി ആയി മാറിയതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.

അതിനിടെ, ജെ.എന്‍.യുവില്‍ റെയ്ഡുകള്‍ നടത്തുന്നതിന് മയക്കു മരുന്ന് വിരുദ്ധ ബ്യൂറോ ആരംഭിക്കണമെന്ന് സ്വാമി ട്വിറ്ററില്‍ കുറിച്ചു. ജിഹാദികളെയും നക്‌സലുകളെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെ.എന്‍യുവിന് അകത്ത് ഒരു ബി.എസ്.എഫ് ക്യാമ്പ് തുടങ്ങണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

നിലവിലെ വിസി എസ്.കെ. സെപോറി ജനുവരിയില്‍ വിരമിക്കുമ്പോള്‍ സുബ്രഹ്മണ്യം സ്വാമിയെ ജെ.എന്‍.യു വിസിയായി നിയമിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇത് വിവാദമായതിനിടെയാണ് സ്വാമിയുടെ പരാമര്‍ശം.

Top