ജറുസലേമില്‍ സംഘര്‍ഷം തുടരുന്നു; ആക്രമങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: പലസ്തീന്‍കാരും ഇസ്രേലികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ജറുസലേമിലും തലസ്ഥാനമായ ടെല്‍ അവീവിലും നടന്ന ആക്രമങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജറുസലേമില്‍ ബസിലെത്തിയ യാത്രക്കാര്‍ക്കു നേര്‍ക്കു പലസ്തീന്‍ യുവാവ് കത്തിക്കുത്തും വെടിവയ്പും നടത്തി. ആക്രമണത്തില്‍ രണ്ട് ഇസ്രേലികള്‍ കൊല്ലപ്പെട്ടു. സുരക്ഷസേന ഇയാളെ വെടിവച്ചു കൊന്നു.

മറ്റൊരു സംഭവത്തില്‍ ബസ് കാത്തുനിന്നവര്‍ക്കുമേല്‍ പലസ്തീന്‍കാരന്‍ വാഹനമോടിച്ചു കയറ്റുകയും ഇവരെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരു ഇസ്രേലി മരിച്ചു. നേരത്തെ വെസ്റ്റ് ബാങ്ക് സിറ്റിയില്‍ ഇസ്രയേല്‍ സേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍കാര്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

അല്‍ അക്‌സ മോസ്‌ക് വളപ്പിലെ പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലുള്ള ക്രമീകരണങ്ങളില്‍ ഇസ്രയേല്‍ മാറ്റം വരുത്തുമെന്ന അഭ്യൂഹത്തെത്തുടര്‍ന്നു മൂന്നാഴ്ച മുമ്പാണു സംഘര്‍ഷം ആരംഭിച്ചത്.

Top