ജയിംസ് മാത്യുവിനെ ജയിലിലടച്ച സര്‍ക്കാര്‍ എംഎല്‍എയ്ക്കും എഡിജിപിക്കും രക്ഷയാകുന്നു

തിരുവനന്തപുരം: ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജെയിംസ് മാത്യു എംഎല്‍എയെ തുറങ്കലിലടച്ച ആഭ്യന്തര വകുപ്പ്, ബലാത്സംഗ കേസില്‍ പ്രതിയായ അബ്ദുള്ള കുട്ടി എംഎല്‍എയെയും പീഡന സംഭവത്തില്‍ ആരോപണ വിധേയനായ എഡിജിപി പത്മകുമാറിനെയും സംരക്ഷിക്കുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് എംഎല്‍എ ആയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെയിംസ് മാത്യു മണ്ഡലത്തിലെ പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനുമായി സംസാരിച്ച് തര്‍ക്കമായതാണ് അദ്ധ്യാപകന്റെ ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അദ്ദേഹത്തെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നത്.

തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ട ജെയിംസ് മാത്യുവിന് ഹൈക്കോടതി ഏതാനും ദിവസം മുന്‍പാണ് ജാമ്യം അനുവദിച്ചിരുന്നത്.

ജെയിംസ് മാത്യൂവിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കും അബ്ദുള്ള കുട്ടിയുടെയും എഡിജിപി പത്മകുമാറിന്റെയും കാര്യത്തില്‍ നിയമം സര്‍ക്കാരിന്റെ ‘വഴിക്കുമാണ് ‘ ഇപ്പോള്‍ നീങ്ങുന്നത്.

കണ്ണൂര്‍ എംഎല്‍എ ആയ അബ്ദുള്ള കുട്ടി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനൊന്നിന് രേഖാമൂലം സോളാര്‍ കേസ് പ്രതി സരിതാ നായര്‍ പരാതി നല്‍കിയിട്ടും ഇതുവരെ അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്യാനോ തുടര്‍നടപടി സ്വീകരിക്കാനൊ പൊലീസ് തയ്യാറായിട്ടില്ല.

ഇതുസംബന്ധമായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സരിത രഹസ്യമൊഴി നല്‍കുകയും, അബ്ദുള്ള കുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതമായിട്ടും ഗുരുതരമായ ഈ സംഭവത്തില്‍ അബ്ദുള്ള കുട്ടിയെ രക്ഷപെടുത്തുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്.

ഒരേ ജില്ലക്കാരായ രണ്ട് എംഎല്‍എമാരോട് വ്യത്യസ്തനിലപാട് സ്വീകരിക്കുന്ന ആഭ്യന്തര വകുപ്പ് സുപ്രീംകോടതിയുടെ നിലവിലുള്ള ഉത്തരവിനെയാണ് ഇതുവഴി വെല്ലുവിളിക്കുന്നത്.

സ്ത്രീ പീഡന കേസില്‍ 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി തുറങ്കിലടയ്ക്കാന്‍ സ്ത്രീയുടെ പരാതി മാത്രം മതിയെന്ന നിയമമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്.

മസ്‌കറ്റ് ഹോട്ടലിലെ ഒന്നാം നിലയിലെ 202 -ാം നമ്പര്‍ റൂമില്‍ വച്ചാണ് തന്നെ അബ്ദുള്ള കുട്ടി പീഡിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ മൊഴിയിലും സരിത ആവര്‍ത്തിച്ചിരുന്നു.

അബ്ദുള്ള കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഈ മാര്‍ച്ച് 11ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഇത് സംബന്ധമായ ഫയല്‍ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.

സൗത്ത് സോണ്‍ എഡിജിപി പത്മകുമാറിനെതിരെ തെളിവുകള്‍ സഹിതം സരിത നല്‍കിയ പരാതിയും ഇപ്പോള്‍ നടപടി ഒന്നും സ്വീകരിക്കാതെ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്.

തന്റെ വാട്ട്‌സ് ആപ്പ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് പിന്നില്‍ എഡിജിപി ആണെന്ന് ആരോപിച്ച് ഡിജിപിക്ക് സരിത നല്‍കിയ പരാതിയില്‍ കലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി പത്മകുമാര്‍ പീഡിപ്പിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹം തനിക്ക് ബ്ലാക്ക് ബെറി മെസഞ്ജര്‍ വഴി അശ്ലീല ചിത്രങ്ങള്‍ അയച്ചിരുന്നുവെന്നും ഈ തെളിവ് ഹാജരാക്കാമെന്നും രേഖാമൂലം സരിത വ്യക്തമാക്കിയിട്ടും ഇതുവരെ സരിതയുടെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

സരിത നല്‍കിയ പരാതി ഭരണ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കൃഷ്ണമൂര്‍ത്തിക്കായിരുന്നു ഡിജിപി കൈമാറിയിരുന്നതെങ്കിലും വിരമിക്കുന്നത് വരെ ആ പരാതിയില്‍ തൊട്ടുനോക്കാതെയിരുന്ന കൃഷ്ണമൂര്‍ത്തി വിരമിക്കുന്ന ദിവസം ക്രൈംബ്രാഞ്ച് അന്വേഷണം ശുപാര്‍ശ ചെയ്ത് ഡിജിപിക്ക് ഫയല്‍ മടക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാരും പൊലീസ് മേധാവിയും തുടര്‍ നടപടി വ്യക്തമാക്കിയിട്ടുമില്ല.

സരിതാ നായര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന എഡിജിപി പത്മകുമാറിനെ സ്ഥലംമാറ്റാന്‍പോലും സര്‍ക്കാര്‍ ഭയക്കുന്നത് സരിതയെ അറസ്റ്റ് ചെയ്യുന്ന വേളയില്‍ പിടിച്ചെടുത്ത ചില ‘രേഖകകള്‍’ പുറത്ത് വരുമെന്ന് ഭയന്നിട്ടാണെന്ന ആക്ഷേപവും ശക്തമാണ്.

പത്മകുമാര്‍ എറണാകുളം റേഞ്ച് ഐജി ആയിരിക്കെ അദ്ദേഹത്തിന് കീഴിലെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനാണ് സരിതയെ അറസ്റ്റ് ചെയ്തിരുന്നത്. ഈ സമയത്ത് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പിലും ചിലത് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് സരിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതരമായ ഈ ആരോപണങ്ങള്‍ അന്വേഷിക്കാതെ കണ്ണടയ്ക്കുകയാണ് പൊലീസ്.

എറണാകുളം റേഞ്ച് ഐജി ആയിരുന്ന പത്മകുമാറിന് എഡിജിപി പ്രമോഷന്‍ ലഭിച്ച ഉടനെ തന്ത്ര പ്രധാനമായ സൗത്ത് സോണ്‍ എഡിജിപിയായി നിയമിച്ചതും നാല് വര്‍ഷമായിട്ടും പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനെ സ്ഥലംമാറ്റാത്തതും ഏറെ ദുരൂഹതയാണ് ഉയര്‍ത്തുന്നത്.

ജെയിംസ് മാത്യുവിനെ പ്രതിയാക്കി തുറങ്കലിലടയ്ക്കാന്‍ അദ്ധ്യാപകന്റെ ആത്മഹത്യാ ‘കുറിപ്പ് ‘ ആയുധമാക്കിയവര്‍ പീഡനക്കേസില്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാണ് പത്മകുമാറിനേയും അബ്ദുള്ള കുട്ടിയെയും ഇപ്പോള്‍ സംരക്ഷിക്കുന്നത് എന്നതാണ് വിരോധാഭാസം.

Top