ജയസൂര്യയ്ക്ക് പുരസ്‌കാരം നല്‍കാത്തതിനുള്ള കാരണം അറിഞ്ഞാല്‍ കൊള്ളാമെന്ന് മീര നന്ദന്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് നടന്‍ ജയസൂര്യക്കായിരുന്നു അവാര്‍ഡ് നല്‍കേണ്ടിയിരുന്നത് എന്ന് ഭൂരിഭാഗം അഭിപ്രായവും ഉയര്‍ന്നുവന്നത്.

ജയസൂര്യയ്ക്ക് പുരസ്‌കാരം നല്‍കാത്തതിനെതിരെ നടി മീരാ നന്ദനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു മീരയുടെ പ്രതികരണം.

നിവിന്‍ പോളിക്കും നസ്രിയയ്ക്കും എബ്രിഡ് ഷൈനും സംസ്ഥാന പുരസ്‌കാരം നേടിയ മറ്റുള്ളവരുടേയും നേട്ടത്തില്‍ താന്‍ വളരെ സന്തോഷവതിയാണ്. എന്നാല്‍ ജയസൂര്യയുടെ പ്രയത്‌നം ജൂറി കാണാതെ പോയതെന്തുകൊണ്ടെന്നും അതിനുള്ള കാരണം അറിഞ്ഞാല്‍ കൊള്ളാമെന്നും മീര പറയുന്നു.

അവാര്‍ഡ് പ്രഖ്യാപനത്തെ പരിഹസിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. സംവിധായകനും നടനുമായ ജോയ് മാത്യു, സംവിധായകന്‍ വിനോദ് മങ്കര എന്നിവരും ആക്കൂട്ടത്തില്‍പ്പെടുന്നു.

അവാര്‍ഡ് ലഭിക്കാത്തതില്‍ താന്‍ ശരിക്കും നിരാശന്‍ എന്ന പരിഹാസ രൂപേണയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. തിരുവനന്തപുരത്ത് ചുറ്റുവട്ടത്തിരിക്കുന്ന ഒരു പണിയുമില്ലാത്ത കുറച്ചുപേര്‍ എങ്ങനെ ജൂറിയാകുമെന്നായിരുന്നു വിനോദ് മങ്കരയുടെ പരിഹാസം.

Top