ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ വെള്ളാപ്പള്ളി അടിച്ചെടുക്കുമോ എന്ന ആശങ്കയില്‍ ബിജെപി

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം പുതിയ പാര്‍ട്ടി ഉണ്ടാക്കി ബിജെപി ഉള്‍പ്പെടുന്ന മൂന്നാം മുന്നണിയുടെ ഭാഗമാകുന്നതോടെ തെറിക്കുക സംസ്ഥാന ബിജെപി നേതാക്കളുടെ സ്വപ്നങ്ങള്‍.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നാമതെത്തിയ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലും ഇനി ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ പറ്റുമോ എന്നതാണ് നേതൃത്വത്തെ അലട്ടുന്നത്.

വെള്ളാപ്പള്ളി നേരിട്ട് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായുമായി നടത്തുന്ന ചര്‍ച്ചകളിലും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അസ്വസ്ഥരാണ്. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉണ്ടെന്ന് കരുതുന്ന ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സംഘടനാപരമായി വലിയ തിരിച്ചടിയാകും.

വെള്ളാപ്പള്ളിയുടെ തല്‍പരരായ സ്ഥാനാര്‍ഥികളാവും ഇവിടങ്ങളില്‍ വരികയെന്നാണ് ബിജെപിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്.

ബിജെപി സ്ഥാനാര്‍ഥികളെപോലും തീരുമാനിക്കാനുള്ള ‘അധികാരം’ ഇനി വെള്ളാപ്പള്ളിക്ക് വരുമോ എന്നതാണ് നേതാക്കളുടെ ഉറക്കം കെടുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വെള്ളാപ്പള്ളിയുടെ ചര്‍ച്ചയില്‍ സംസ്ഥാന ബിജെപി നേതാക്കളെ പങ്കെടുപ്പിക്കാത്തതിലും സംസ്ഥാന നേതാക്കള്‍ അസ്വസ്ഥരാണ്.

മൂന്നാം ബദലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വെള്ളാപ്പള്ളിയെ അവരോധിക്കുന്നതിലും സംസ്ഥാന ബിജെപി നേതൃത്വത്തില്‍ കടുത്ത ഭിന്നതയുണ്ട്.

Top