ജയക്ക് വേണ്ടി ജീവന്‍ നല്‍കിയത് 244 പേര്‍; തമിഴക മനസ് ഇപ്പോഴും ജയക്കൊപ്പം

ചെന്നൈ: അഴിമതി കേസില്‍ ബംഗളുരു പ്രത്യേക കോടതി ജയലളിതയെ ശിക്ഷിച്ചതിനെ തുടര്‍ന്ന് മനം നൊന്ത് ആത്മഹത്യ ചെയ്തവര്‍ 244 പേര്‍.

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് തുറങ്കില്‍ അടക്കപ്പെട്ട ജയലളിതക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചെങ്കിലും അനുയായികളുടെ മനസിനേറ്റ മുറിവ് ഉണങ്ങിയിരുന്നില്ല.

നേതാക്കളെയും താരങ്ങളെയും സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന തമിഴകം ജയലളിതക്കേറ്റ തിരിച്ചടിയോടും വൈകാരികമായാണ് പ്രതികരിച്ചിരുന്നത്.

പ്രത്യേക കോടതിയുടെ ശിക്ഷാ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത് വരെ 244പേരാണ് ജയലളിതയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ഏഴ് മാസത്തെ കണക്കാണിത്.

ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങള്‍ക്കായി ഏഴ്‌കോടി 32 ലക്ഷം രൂപയാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ സ്വരൂപിച്ച് നല്‍കിയത്. നാല് പേര്‍ക്ക് ചികിത്സാ സഹായമായി 2 ലക്ഷം രൂപയും പാര്‍ട്ടി നല്‍കി.

ഏതെങ്കിലും ഒരു നേതാവിന് ജയില്‍ ശിക്ഷ വിധിക്കപ്പട്ടതിനോട് ഇത്രയധികം ജീവന്‍ ബലികൊടുത്ത് പ്രതികരിച്ച ചരിത്രം രാജ്യത്ത് ആദ്യമാണ്.

പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ നിലവിലെ സഹതാപ തരംഗം മുന്‍നിര്‍ത്തി വീണ്ടും ജയലളിതയും അണ്ണാ ഡിഎംകെയും അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ചിന്നഭിന്നമായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇപ്പോഴത്തെ അവസ്ഥയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയിലെ ആഭ്യന്തര സംഘര്‍ഷങ്ങളുമാണ് ജയലളിതയുടെ സാധ്യത വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്.

Top