ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ശിവസേന മുഖപത്രം

മുംബൈ: ജമ്മു കാശ്മീരിലെ പാപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദ്ദിനെതിരെയും ആഞ്ഞടിച്ച് ശിവസേന. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയാണെന്നാണ് ശിവസേന ആരോപിച്ചിരിക്കുന്നത്.

പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് മുഫ്തി മുഹമ്മദ് സയ്യിദിനെ തീവ്രവാദികളുടെ ആളായി പരാമര്‍ശിച്ചിരിക്കുന്നത്. ‘തീവ്രവാദികളെ സഹായിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി തീവ്രവാദികളുടെ ആളായാണ് പ്രവര്‍ത്തിക്കുന്നത്’ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ബിജെപി മുന്നറിയിപ്പ് കൊടുത്തിരുന്നു. ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോവുകയോ അല്ലെങ്കില്‍ മുന്നണി വിടുകയോ ചെയ്യണമെന്നാണ് ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

രാഷ്ട്രീയ കുറ്റവാളികളെ ജയിലില്‍ നിന്ന് വിട്ടയക്കില്ലെന്ന് പിഡിപി കേന്ദ്രത്തെ അറിയിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ബിജെപിയുടെ മുന്നറിയിപ്പ്.

Top