ജമ്മുവില്‍ വെള്ളപ്പൊക്കം തുടരുന്നു; മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പാത അടച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത വെള്ളപ്പൊക്കം തുടരുന്നു. ഝലം നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശവാസികളെ ഒഴിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ശ്രീനഗര്‍ ജമ്മു ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. മൂന്നറിലധികം പേരുടെ മരണത്തിനും ആയിരത്തിലധികം പേരെ ഭവനരഹിതരുമാക്കിയ വന്‍പ്രളയമുണ്ടായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ജമ്മു കശ്മീരില്‍ ശക്തമായ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പ്രളയം ഏറെ ദുരിതം വിതച്ച രാജ്ബാഗില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ലാല്‍ചൗക്ക്, റീഗല്‍ ചൗക്ക് എന്നീ പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ട് യൂണിറ്റ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടു.

ഏപ്രില്‍ മൂന്ന് വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയോട് ജമ്മു കശ്മീരിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു.

കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള, കുപ്‌വാര, ഗാന്ദര്‍ബാല്‍, കാര്‍ഗില്‍ ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ വരെ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാമ്പോറിലും സനത്‌നഗറിലും സര്‍ക്കാര്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.

Top