ജമ്മുവില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ നാലു സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ നാലു സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. രാജ്വറില്‍ തീവ്രവാദികളുമായി നടന്ന വെടിവയ്പ്പില്‍ നാലു സൈനികര്‍ കൊല്ലപ്പെടുകയായിരുന്നു.

അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള വനത്തില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണു സൈന്യം രാജ്വറിലെ ഹഫ്‌റൂദ വനമേഖലയിലേക്കു നീങ്ങിയത്. ഇവിടെയെത്തിയ സൈനികര്‍ക്ക് നേരേ തീവ്രവാദികള്‍ ശക്തമായ വെടിവയ്പ് നടത്തുകയായിരുന്നു. നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ലോലബ് മേഖലയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് ഒരു തീവ്രവാദി കൊല്ലപ്പെട്ടത്. ലോലബിലെ ദര്‍പൂര എന്ന ഗ്രാമത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ക്കു നേരേ സൈന്യം നടത്തിയ ആക്രമണത്തിലാണു തീവ്രവാദി കൊല്ലപ്പെട്ടതെന്നും സൈന്യം അറിയിച്ചു.

Top