ജന്‍ ധന്‍ യോജന അഞ്ചു കോടി അക്കൗണ്ടുകള്‍ തുറന്നു

ന്യൂഡല്‍ഹി: ജന്‍ ധന്‍ യോജന പദ്ധതിയിലൂടെ ഇതുവരെ അഞ്ചു കോടി അക്കൗണ്ടുകള്‍ തുറന്നതായി കേന്ദ്ര ധനമന്ത്രാലയം. പദ്ധതിക്ക് തുടക്കം കുറിച്ച് ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും നേട്ടം കൈവരിക്കാനായെന്നത് ശ്രദ്ധേയമാണ്.

പുതിയതായി തുറന്ന അക്കൗണ്ടുകളില്‍ 3 കോടി എണ്ണം ഗ്രാമ പ്രദേശങ്ങളിലും ബാക്കി നഗരങ്ങളിലുമാണ്. 1.78 കോടി രൂപയുടെ റുപേ ഡെബിറ്റ് കാര്‍ഡുകളും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഒരു അക്കൗണ്ടില്‍ ശരാശരി 900 രൂപ വീതം 3,500 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.

അക്കൗണ്ടില്ലാത്തവരെ കണ്ടെത്തുന്നതിന് ബാങ്കുകള്‍ സര്‍വ്വേ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് പുതിയ അക്കൗണ്ട് തുറക്കാതെ തന്നെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. പാചക വാതകത്തിനും മണ്ണെണ്ണക്കുമുള്ള സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്‍ ധന്‍ യോജന പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി തുടങ്ങി ആദ്യ ദിവസം തന്നെ ഒന്നരക്കോടി അക്കൗണ്ടുകള്‍ തുറന്നിരുന്നു. അടുത്ത വര്‍ഷം ജനുവരി 26നകം ഏഴരക്കോടി അക്കൗണ്ടുകള്‍ തുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Top