സിപിഎം ജനറല്‍ സെക്രട്ടറി: പ്രചരിക്കുന്നത്‌ അഭ്യൂഹങ്ങള്‍ മാത്രമെന്ന്‌ രാമചന്ദ്രന്‍ പിള്ള

വിശാഖപ്പട്ടണം: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് എസ് രാമചന്ദ്രന്‍ പിള്ള. കേരളാ ഘടകത്തിന്റെ പിന്‍തുണ തനിക്കെന്നുള്ളത് വാര്‍ത്തകള്‍ മാത്രമാണ്. പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ചര്‍ച്ചയും തീരുമാനവും നാളെയായിരിക്കുമെന്നും എസ് ആര്‍ പി മാധ്യമങ്ങളെ അറിയിച്ചു.

എല്ലാ ഘടകങ്ങളും പരിശോധിച്ചാവും പുതിയ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുക്കുക. അതേസമയം മൂന്നുവര്‍ഷത്തിന് ശേഷം താന്‍ വിരമിക്കുമെന്ന വാര്‍ത്തകളും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും എസ് ആര്‍ പി വ്യക്തമാക്കി.

വി.എസ് കേന്ദ്രകമ്മറ്റിയില്‍ എത്തുമോ എന്നത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിവേകത്തിനനുസരിച്ചാവുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Top