ജനങ്ങള്‍ക്ക് തന്നെ പൂര്‍ണവിശ്വാസമാണെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജനങ്ങള്‍ക്കു തന്നില്‍ പൂര്‍ണവിശ്വാസമാണെന്നു മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍. താന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന കാലത്തു നിയമനങ്ങള്‍ക്കായി മികച്ച ഒരു സംവിധാനത്തിന്റെ കുറവ് സംസ്ഥാനത്തുണ്ടായിരുന്നു. ആ സാഹചര്യത്തിലാണു താന്‍ സുതാര്യമായ ഒരു സംവിധാനം സ്ഥാപിച്ചതെന്ന് ചൗഹാന്‍ പറഞ്ഞു.

2013ല്‍ അതുമായി ബന്ധപ്പെട്ടു ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പ്രത്യേക അന്വേഷണ വിഭാഗത്തെ നിയോഗിച്ചതും പല കുറ്റവാളികളെയും അറസ്റ്റ് ചെയ്തതും താനാണ് ചൗഹാന്‍ വ്യക്തമാക്കി.

തുടര്‍ന്നു നടന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വ്യാപം അഴിമതി ഉയര്‍ത്തിക്കൊണ്ട് വന്നെങ്കിലും ബിജെപിയെ തളര്‍ത്താനായില്ല. രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിതന്നെ നേട്ടമുണ്ടാക്കി. ജനങ്ങള്‍ക്കു തന്നില്‍ പൂര്‍ണവിശ്വാസമുണ്ടെന്നാണ് ഇതെല്ലാം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപം അഴിമതിയോ അതുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളോ കോണ്‍ഗ്രസിനു പ്രശ്‌നമല്ല. അവരുടെ പ്രശ്‌നം താനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top