ജനങ്ങളെ വെറുപ്പിക്കുന്ന രീതിയില്‍ സംസാരിക്കരുത്, ക്ഷമിച്ചെന്ന് വരില്ല: മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ജനങ്ങളെ വെറുപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നും അങ്ങനെ ചെയ്താല്‍ താന്‍ ഒത്തുതീര്‍പ്പിന് നിക്കില്ലെന്നും ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് മോഡി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാമന്റെ മക്കളാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇത് പ്രതിപക്ഷം വന്‍ ആയുധമാക്കി തിരിച്ചടിച്ച സാഹചര്യത്തിലാണ് മോഡി നേതാക്കള്‍ക്ക് താക്കീത് നല്‍കിയത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായ ബഹളം നടത്തിയിരുന്നു. സഭാ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു വന്നതോടെ് മന്ത്രി ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹി ഭരിക്കുന്നത് രാമന്റെ പിന്തുടര്‍ച്ചക്കാര്‍ വേണോ അതോ ജാരസന്തതികള്‍ വേണോ എന്നു തീരുമാനിക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പ്രധാനമന്ത്രിയായ ശേഷം മോഡി അനാവശ്യമായി അഭിപ്രായപ്രകടനം നടത്താറില്ലായിരുന്നു. മറ്റു നേതാക്കളും അങ്ങനെ തന്നെ വേണമെന്നാണ് മോഡിയുടെ ആവശ്യം. പ്രധാനമന്ത്രിയായ ശേഷം ഇതുവരെ പ്രസ് കോണ്‍ഫറന്‍സ് പോലും മോഡി നടത്തിയിട്ടില്ല. ഒക്ടോബറില്‍ 200 റിപ്പോര്‍ട്ടര്‍മാരുമായി ചായസല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവരുമായി അനാവശ്യമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.

എന്നിരുന്നാലും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ അഭിപ്രായങ്ങള്‍ മോഡി വ്യക്തമാക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.

Top