പ്രതിരോധ സംഗമത്തില്‍ കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ; കരുത്ത് കാട്ടാനുറച്ച്‌ സിപിഎം

കാസര്‍ഗോഡ്: ആഗസ്റ്റ് 11 ന് കാസര്‍ഗോഡ് മുതല്‍ രാജ്ഭവന്‍ വരെ സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ പ്രതിരോധ സംഗമം ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയില്‍ സംഘാടകര്‍.

മുന്‍പ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയ മനുഷ്യചങ്ങലയിലും മനുഷ്യക്കോട്ടയിലും പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ 11ന് നടക്കുന്ന ജനകീയ പ്രതിരോധ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സി.പി.എം. നേതാക്കളുടെ അവകാശവാദം.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സമൂഹത്തിലെ നാനാതുറകളിലുമുള്ള ലക്ഷക്കണക്കിന് പേരെ സമരത്തില്‍ അണിനിരത്തുന്നതിനായി സംഘടനാ മെഷിനറി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുകയാണ് സി.പി.എം.

വര്‍ഗ്ഗ ബഹുജന സംഘടനകളായ ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, മഹിളാ അസോസിയേഷന്‍, വിവിധ സര്‍വ്വീസ് സംഘടനകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേകം ക്വാട്ട തന്നെ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.

ജനകീയ പ്രതിരോധ സമരത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഏതെങ്കിലും ഭാഗത്ത് വീഴ്ച കണ്ടാല്‍ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളും പാര്‍ട്ടി ഘടകങ്ങളും മറുപടി പറയേണ്ടിവരുമെന്ന കര്‍ക്കശ നിര്‍ദ്ദേശം സി.പി.എം. നേതൃത്വം നല്‍കിയിട്ടുണ്ട്.

വിലക്കയറ്റത്തിനും അഴിമതിക്കുമെതിരായ സമരമെന്ന രൂപത്തിലാണ് ജനകീയ പ്രതിരോധ സംഗമത്തെ സി.പി.എം. അവതരിപ്പിക്കുന്നതെങ്കിലും വരുന്ന തദ്ദേശ സ്വയംഭരണ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തിയുള്ള ശക്തി പരീക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതിരോധസമരത്തെ കാണുന്നത്.

നേരത്തെ നടത്തിയ മനുഷ്യചങ്ങല, മനുഷ്യകോട്ടകളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് നാഷണല്‍ ഹൈവേയിലൂടെയും ജനകീയ പ്രതിരോധം കടന്ന് പോകുന്നതിനാല്‍ പങ്കാളിത്വത്തിന്റെ കാര്യത്തില്‍ ഈ സമരം പുതിയ ചരിത്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള നാഷണല്‍ ഹൈവേയിലൂടെയും അങ്കമാലിയില്‍ നിന്ന് തുടങ്ങി കോട്ടയം, തിരുവല്ല വഴി കടന്ന് പോകുന്ന എം.സി റോഡിലൂടെയുമായി ആയിരം കിലോമീറ്ററിലൂടെയാണ് ഇത്തവണ ജനകീയ പ്രതിരോധം കടന്ന് പോകുന്നത്.

മുന്‍ കാലയളവില്‍ നിന്ന് വ്യത്യസ്തമായി ചാനല്‍ ക്യാമറകള്‍ മിഴി തുറന്നിരിക്കുന്നതിനാല്‍ എവിടെയും ജനപങ്കാളിത്തക്കുറവുണ്ടാക്കാതെ നോക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.

ഓരോ പ്രദേശത്തെയും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നാഷണല്‍ ഹൈവേയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത ഏരിയായാണ് നല്‍കുന്നത്. ഇവിടെ വലിയ കൂട്ടങ്ങളായി നിന്ന് പ്രതിജ്ഞ ചൊല്ലിയും മുദ്രാവാക്യം വിളിച്ചും സമരം വേറിട്ട അനുഭവമാക്കാനാണ് തീരുമാനം.

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നടക്കം പ്രവര്‍ത്തകരെ കൊണ്ടുവരാന്‍ വാഹനങ്ങള്‍ ഇതിനകം തന്നെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബുക്ക് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തിന് അതീതമായി പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഗാര്‍ഹിക സന്ദര്‍ശനത്തിനാണ് സി.പി.എം പ്രാമുഖ്യം കൊടുക്കുന്നത്.

സി.പി.എമ്മിന്റെ സംഘടനാ സംവിധാനം തകര്‍ന്നുവെന്ന രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാകുമോ ആഗസ്റ്റ് 11 ലെ സമരമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഇടത് മുന്നണി സംവിധാനമായല്ല, മറിച്ച് പാര്‍ട്ടി ഒറ്റക്ക് നിന്നുകൊണ്ട് തന്നെ യു.ഡി.എഫിനും ബി.ജെ.പിക്കും വെള്ളാപ്പള്ളിക്കും ജനസാഗരത്തിലൂടെ മറുപടി നല്‍കാനാണ് സി.പി.എം നീക്കം.

Top