ജഡ്ജി നിയമന കമ്മീഷന്‍; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് എച്ച് എല്‍ ദത്തു

ന്യൂഡല്‍ഹി: ജഡ്ജി നിയമനകമ്മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു. സുപ്രീംകോടതിയുടേത് ജുഡീഷ്യറിയുടെ നന്മയ്ക്ക് ഉതകുന്നവിധിയാണ്. കര്‍ത്തവ്യനിര്‍വഹണത്തിലാണ് ശ്രദ്ധിക്കുന്നത് ഫലത്തിലല്ല. അനന്തരഫലങ്ങള്‍ സുപ്രീംകോടതിയുടെ കൈയ്യിലല്ലെന്നും അദ്ദേഹം പറഞ്ഞു

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമവും അനുബന്ധ ഭരണഘടനാ ഭേദഗതിയും ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കൊളീജിയം സംവിധാനത്തിലൂടെ തീരുമാനങ്ങളെടുക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു നടപടി തുടങ്ങിയിരുന്നു. എന്നാല്‍, കൊളീജിയം സംവിധാനത്തിനു പോരായ്മകളുണ്ടെന്നു വിലയിരുത്തിയ ഭരണഘടനാ ബെഞ്ച് കേസ് അടുത്ത മാസം മൂന്നിനു വീണ്ടും പരിഗണിക്കാനിരിക്കെ കൊളീജിയം ചേരുന്നത് ഉചിതമാണോയെന്ന ചോദ്യമുയര്‍ന്നിരിക്കുകയാണ്.

അഡീഷനല്‍ ജഡ്ജിമാരുടെ കാലാവധി നീട്ടുന്നതു സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാനാവും കൊളീജിയം കൂടുകയെന്നാണ് സുപ്രീം കോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Top