ഛായാഗ്രാഹകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ചിത്രത്തില്‍ പൃഥ്വി കുടുംബനാഥന്റെ വേഷമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ കഥ തയ്യാറാക്കിയത് സുജിത് തന്നെയാണ്. ഡോ. എസ് ജനാര്‍ദ്ധനനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. പൃഥ്വിയുടെ അവസാനം പുറത്തിറങ്ങിയ ‘ഇവിടെ’ എന്ന ചിത്രം നിര്‍മിച്ച ധാര്‍മിക് ഫിലിംസാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രവും നിര്‍മിക്കുന്നത്.
വളരെ ശക്തവും എന്നാല്‍ ലളിതവുമായ വിഷയമാണ് ചിത്രത്തിനുള്ളത്. എന്നാല്‍ അത് പ്രസംഗം പോലെ ആയിരിക്കില്ല. ഒരു കുടുംബനാഥനായ പൃഥ്വിരാജിന്റെ ജീവിതത്തിലുണ്ടാകുന്ന ചെറിയ സന്തോഷങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും ആയിരിക്കും ചിത്രം മുന്നോട്ട് പോവുക. ജനങ്ങള്‍ക്ക് വളരെ എളുപ്പം താരതമ്യപ്പെടുത്താവുന്ന ചിത്രം കൂടിയാണ് ഇതെന്നും സംവിധായകന് വ്യക്തമാക്കി.
ചിത്രത്തിലെ നായികയോയോ മറ്റ് അഭിനേതാക്കളേയോ തീരുമാനിച്ചിട്ടില്ല. ചില മലയാള ചിത്രങ്ങളുടെ ജോലികള്‍ തീര്‍ത്തതിന് ശേഷം ജൂണ്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തിരുവനന്തപുരം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നതും സുജിത് ആയിരിക്കും.
ദൃശ്യം, സിറ്റി ഒഫ് ഗോഡ്, മോളി ആന്റി റോക്ക്സ്, മെമ്മറീസ്, സെവന്ത് ഡേ, പാപനാശം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആയിരുന്നു.