ചോരയില്‍ കുളിച്ച് സമരക്കാരുടെ സമര്‍പ്പണം; ബിജെപിയുടെ വാദം മറികടന്ന് സിപിഎം

കണ്ണൂര്‍: അരുവിക്കര മോഡലില്‍ സംസ്ഥാന വ്യാപകമായി നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കം തടയാന്‍ സര്‍വ്വ ശക്തിയുമെടുത്ത് സി.പി.എം രംഗത്ത്.

പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ചക്കെതിരെ ശക്തമായി രംഗത്ത് വന്ന സി.പി.എം നേതൃത്വം യുവജന-വിദ്യാര്‍ത്ഥി വിഭാഗങ്ങളെ തെരുവിലിറക്കിയത് ബി.ജെ.പിയുടെ അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ കൂടിയാണ്.

സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും നേതാക്കളുടെ വ്യക്തി താല്‍പര്യത്തിന്റെയും ഭാഗമായി നിഷ്‌ക്രിയരാക്കപ്പെട്ട എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംഘടനകള്‍ക്ക് ‘പുതുജീവന്‍’ നല്‍കിയാല്‍ മാത്രമെ തങ്ങള്‍ക്കും നിലനില്‍പ്പൊള്ളുവെന്ന് വൈകിയാണെങ്കിലും സി.പി.എം നേതൃത്വം ഇപ്പോള്‍ തിരിച്ചറിഞ്ഞിറിഞ്ഞിട്ടുണ്ട്.

നിയന്ത്രണങ്ങളുടെ ‘വേലിക്കെട്ട് ‘ പൊളിച്ച് സമരമുഖത്ത് പോരാളികളാകാന്‍ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത് പ്രതിപക്ഷത്തിന് പുത്തന്‍ ഉണര്‍വ്വാണ് നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളിലും സമരം ശകതമാക്കുമെന്നാണ് സൂചന.

നേരത്തെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചുകളും ഇപ്പോള്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രക്ഷോഭങ്ങളുമെല്ലാം സംഘടനാപരമായി ഇരു സംഘടനകള്‍ക്കും വലിയ ഗുണമാണ് ചെയ്തിട്ടുള്ളത്.

പ്രവര്‍ത്തകരെയും കമ്മിറ്റികളെയും ‘ഉഷാറാക്കാന്‍’ പാഠപുസ്തക സമരംവഴി കഴിഞ്ഞുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സമരത്തിനെതിരായ പൊലീസ് നടപടിയുടെ ഭാഗമായി മിക്ക ജില്ലകളിലെയും പ്രധാന പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പരിക്കേറ്റ് ആശുപത്രികളിലും ജയിലിലുമാണുള്ളത്.

ജാമ്യവ്യവസ്ഥ കര്‍ക്കശമാക്കിയതിനാല്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം സി.പി.എം നേതൃത്വം എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചകളിലും ഓണ്‍ലൈന്‍ പ്രമോഷനുകളിലും ഇടതുപക്ഷത്തിന് സമാനമായ പരിഗണന ബി.ജെ.പി.ക്ക് കിട്ടുന്നത് വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ കാവിപ്പടക്ക് അവസരമൊരുക്കുന്നത് സി.പി.എമ്മിനെ അലോസരപ്പെടുത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ വിദ്യാര്‍ത്ഥി- യുവജന സമരം.

എസ്.എഫ്.ഐയും ഡി.വൈ.എഫ്‌ഐയും നടത്തുന്നത് പോലെ വന്‍ പങ്കാളിത്തത്തോടെ എല്ലാ ജില്ലകളിലും പ്രക്ഷോഭം സംഘടിപ്പിക്കാനും പൊലീസുമായി ഏറ്റുമുട്ടാനുമുള്ള സംഘടനാ ശേഷി ബി.ജെ.പിയുടെ യുവജന-വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ക്ക് നിലവില്‍ സംസ്ഥാനത്തില്ല.

എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദൃശ്യ-നവ മാധ്യമങ്ങളില്‍ കൂടി ആഞ്ഞടിക്കാനും ഒറ്റപ്പെട്ട സമരങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാനും ബി.ജെ.പിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. മാത്രമല്ല ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ചകളാണ് ഭരണപക്ഷത്തിന്റെ നടപടിയേക്കാള്‍ ബി.ജെ.പി നേതൃത്വം ആയുധമാക്കുന്നത്. അസംതൃപ്തരായ സിപിഎം അണികളെ ലക്ഷ്യമിട്ടാണിത്.

ബി.ജെ.പിയുടെ ഈ തന്ത്രപരമായ നീക്കത്തിനുള്ള സ്വീകാര്യത കൂടിയാണ് അരുവിക്കരയിലെ അഞ്ചിരട്ടി വോട്ട് വര്‍ധനയ്ക്ക് ഒരു പ്രധാന കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് വലിയ രൂപത്തില്‍ പോകാതെ തടയിടുക എന്നതിനപ്പുറം സ്വന്തം വോട്ട് ബാങ്കുകള്‍ ഉറപ്പിച്ച് നിര്‍ത്തുക എന്ന ലക്ഷ്യം കൂടി സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളുടെ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് പിന്നിലുണ്ട്.

Top